കുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാലമെത്താൻ വൈകുമെന്ന് സൂചന. ഈ വർഷം ശൈത്യകാലം പതിവിലും വൈകുമെന്നും ഡിസംബർ ആദ്യം വരെ മിതമായ കാലാവസ്ഥ തുടരുമെന്നും പരിസ്ഥിതി പ്രവചന വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. പകൽ താപനില മിതമായതും വേനൽക്കാലത്തിന് സമാനമായതുമായ രീതിയിൽ തുടരും.
അടുത്ത ആഴ്ച വെയിൽ നിറഞ്ഞ കാലാവസ്ഥയായിരിക്കും. പകൽ താപനില അല്പം കുറയുകയും മൊത്തത്തിലുള്ള കാലാവസ്ഥ കൂടുതൽ മിതമാവുകയും ചെയ്യും. അതേസമയം, രാത്രി തണുത്ത കാലാവസ്ഥ തുടരും. രാജ്യത്ത് വടക്കൻ കാറ്റ് സ്വാധീനിക്കാൻ തുടങ്ങുമ്പോഴാണ് സാധാരണയായി ‘യഥാർഥ ശൈത്യകാലം’ആരംഭിക്കുന്നതെന്ന് ഇസ്സ റമദാൻ വിശദീകരിച്ചു. ഡിസംബർ 10 ന് ശേഷം ഈ മാറ്റം പ്രതീക്ഷിക്കുന്നു. ഡിസംബർ പകുതിയോടെ താപനിലയിൽ കൂടുതൽ കുറവ് വരും. പകലും രാത്രിയും തണുത്ത കാലാവസ്ഥയിലേക്കും രാജ്യം നീങ്ങും.
അതേസമയം, രാജ്യത്ത് ഒരാഴ്ചയായി തുടർന്നിരുന്ന കനത്ത മൂടൽ മഞ്ഞിന് കുറവു വന്നു. കനത്ത മൂടൽ മഞ്ഞ് കഴിഞ്ഞ ആഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. പല വിമാനങ്ങളും വഴി തിരിച്ചുവിടുകയും കുവൈത്തിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു. ശനി,ഞായർ ദിവസങ്ങളിൽ മഴക്ക് സാധ്യത പ്രവചിച്ചിരുന്നുവെങ്കിലും എത്തിയില്ല. ചൊവ്വാഴ്ച പകൽ മിതമായ കാലാവസ്ഥയായിരുന്നു. നേരിയ രൂപത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശി. രാത്രിയിൽ തണുത്ത കാലാവസ്ഥയും അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.