ബീജിങ്ങിൽ നടന്ന ചൈന-അറബ് മന്ത്രിതല സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ
കുവൈത്ത് സിറ്റി: ബീജിങ്ങിൽ നടന്ന ചൈന-അറബ് സ്റ്റേറ്റ്സ് കോഓപറേഷൻ ഫോറത്തിന്റെ പത്താമത് മന്ത്രിതല സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത അൽ യഹ്യ അറബ് ലീഗും ചൈനയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെയും വിജയകരമായ പങ്കാളിത്തത്തെയും കുവൈത്തും ചൈനയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെയും അഭിനന്ദിച്ചു.
അറബ്-ചൈനീസ് സഹകരണം വിശാലമായ ചക്രവാളങ്ങളിലേക്ക് മുന്നോട്ട് കൊണ്ടുപോകാൻ തന്റെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അടിവരയിട്ട അൽ യഹ്യ 2030ൽ മൂന്നാമത് അറബ്-ചൈനീസ് ഉച്ചകോടിക്ക് കുവൈത്ത് ആതിഥേയത്വം വഹിക്കുമെന്നും പ്രഖ്യാപിച്ചു. മേഖല നേരിടുന്ന വെല്ലുവിളികളും ഫലസ്തീൻ പ്രശ്നവും എല്ലാ അറബ് ജനതകളുടെയും ഹൃദയങ്ങളിൽ രക്തസ്രാവമായി തുടരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
റഫയിലെ ഇസ്രായേൽ ആക്രമണത്തിലും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളിലും കുവൈത്തിന്റെ അപലപനം അദ്ദേഹം ആവർത്തിച്ചു. ഗസ്സക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കുകയും മാനുഷികവും ദുരിതാശ്വാസവുമായ സഹായം എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അൽ യഹ്യ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.