കുവൈത്ത് സിറ്റി: അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ച് റോഡ് സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് പൊതുഗതാഗത വകുപ്പ് നിർദേശം നൽകി.
ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും സ്വദേശി, വിദേശി ഭേദമില്ലാതെ ഇത്തരക്കാരുടെ വാഹനം രണ്ടുമാസത്തേക്ക് കസ്റ്റഡിയിലെടുക്കണമെന്നുമാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ബൈക്ക് യാത്രികരുടെ അപകടകരമായ സഞ്ചാരവും അഭ്യാസ പ്രകടനങ്ങളും റോഡ് സുരക്ഷക്ക് വലിയതോതിൽ ഭീഷണിയാണെന്നാണ് വിലയിരുത്തൽ. ഇത്തരക്കാരെ പിടികൂടാൻ തുടർച്ചയായ പരിശോധന നടത്തും. വാരാന്ത്യദിവസങ്ങളിൽ പ്രത്യേക പരിശോധനയുമുണ്ടാവും. ഇൗ ദിവസങ്ങളിലാണ് അഭ്യാസപ്രകടനക്കാർ റോഡിലിറങ്ങുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ചാലും വാഹനം കസ്റ്റഡിയിലെടുക്കും. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകരുതെന്ന് ഗതാഗത വകുപ്പ് രക്ഷിതാക്കളോട് അഭ്യർഥിച്ചു. ചില കുട്ടികൾ സ്കൂളിലേക്ക് വാഹനം കൊണ്ടുവരുന്നുണ്ട്. ഇവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്ന് മാത്രമല്ല, കുട്ടികളെ ജുവനൈൽ കോടതിയിൽ അയക്കുകയും ചെയ്യും. ഇത്തരം കുട്ടികൾക്ക് പ്രായപൂർത്തിയായാൽ ലൈസൻസ് എടുക്കുന്നതിനും തടസ്സമുണ്ടാവും. ഗതാഗത വകുപ്പ് ആക്ടിങ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗാണ് സർക്കുലർ പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.