പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: രാജ്യത്തിനുനേരെയുള്ള തുടർച്ചയായ ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു മന്ത്രിസഭ. രാജ്യത്തെ ഊർജ്ജ നിലയം, തുറമുഖങ്ങൾ, വിമാനത്താവളം, ടാങ്കർ എന്നിവക്കെതിരെ തുടർച്ചയായ ആക്രമണങ്ങളാണ് നടന്നത്. ജല ശുദ്ധീകരണ കേന്ദ്രത്തിനുനേരെ നടന്ന ആക്രമണം ഒരു ഇന്ത്യൻ തൊഴിലാളിയുടെ മരണത്തിനും ഭൗതിക നാശത്തിനും കാരണമായിരുന്നു. മുബാറക് അൽ-കബീർ, ഷുവൈഖ് തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ക്രൂയിസ് മിസൈൽ ഡ്രോൺ ആക്രമണത്തെയും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അപലപിച്ചു.
ദുബൈ തുറമുഖത്തിന് സമീപം നങ്കൂരമിട്ട കുവൈത്ത് ടാങ്കർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എണ്ണ മന്ത്രിയും കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) ഡയറക്ടർ ബോർഡ് ചെയർമാനുമായ താരീഖ് അൽ റൂമി മന്ത്രിസഭയിൽ വിശദീകരിച്ചു. കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ജോർഡൻ എന്നീ രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും എല്ലാ ഇരകൾക്കും നഷ്ടപരിഹാരം നൽകാനും ആഹ്വാനം ചെയ്തു ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ പാസാക്കിയ പ്രമേയത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു.
ഇറാന്റെ അന്താരാഷ്ട്ര നിയമപരമായ ബാധ്യതകൾ, പ്രാദേശിക രാജ്യങ്ങളുടെ പരമാധികാരത്തെയും സമഗ്രതയെയും ബഹുമാനിക്കുക, ശത്രുത ഉടനടി അവസാനിപ്പിക്കുക, ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുക എന്നിവയെ മാനിക്കണമെന്ന അന്താരാഷ്ട്ര സമവായത്തെ മന്ത്രിസഭ അഭിനന്ദിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക, അന്തർദേശീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സ്ഥിരം യോഗം ചേരാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.