അബ്ദുള്ള അൽ യഹ്യ
കുവൈത്ത് സിറ്റി: ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യ.അന്താരാഷ്ട്ര നിയമം, യു.എൻ ചാർട്ടർ, അന്താരാഷ്ട്ര പ്രമേയങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ ആക്രമണമെന്ന് അൽ യഹ്യ പറഞ്ഞു.
ഇസ്രായേൽ നടപടി മേഖലയുടെ സ്ഥിരതക്ക് ഭീഷണിയും ആക്രമണങ്ങൾ തടയാനും സാധാരണക്കാരെ സംരക്ഷിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ്. ഖത്തറിനെ ലക്ഷ്യമിടുന്നത് സംയുക്ത ഗൾഫ് സുരക്ഷക്കും ജി.സി.സി രാജ്യങ്ങളുടെ പൊതുവായ നിലപാടിനും നേരെയുള്ള ആക്രമണമാണെന്നും ചൂണ്ടിക്കാട്ടി.
ജി.സി.സി ഇസ്രായേൽ ആക്രമണത്തെ നിരസിക്കുകയും ഖത്തറിനെ പിന്തുണക്കുകയും ചെയ്യുന്നു. ഗൾഫ് ഐക്യദാർഢ്യത്തിന്റെയും ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് ഈ സംയുക്ത നിലപാട്.ഖത്തറിന് പൂർണ ഐക്യദാർഢ്യം വ്യക്തമാക്കിയ അബ്ദുള്ള അൽ യഹ്യ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ നിലനിർത്താൻ രാജ്യം സ്വീകരിച്ച എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു.
ഖത്തറിന്റെ സുരക്ഷ കുവൈത്തിന്റെയും അറേബ്യൻ ഗൾഫിന്റെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും പറഞ്ഞു. ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ യു.എൻ സുരക്ഷ കൗൺസിലിനോടും അന്താരാഷ്ട്ര സമൂഹത്തോടും അബ്ദുള്ള അൽ യഹ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.