കുവൈത്ത് സിറ്റി: അജ്ഞാത ഇ-മെയിൽ അക്കൗണ്ടുകളും ഫോൺ നമ്പറുകളും കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. രാജ്യത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബാങ്കിങ് ഉപഭോക്താക്കള്‍ക്ക് അധികൃതരുടെ ജാഗ്രത നിർദേശം. രാജ്യത്തെ സ്വദേശികളും വിദേശികളുമായ ബാങ്കിങ് ഉപഭോക്താക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി.
അടുത്തിടെയായി കുവൈത്തില്‍ ഇ-ക്രൈമുകൾ കൂടുന്നതായാണ് റിപ്പോർട്ടുകള്‍. ഇതില്‍ വലിയ ശതമാനവും ഫോണ്‍ വഴിയാണ്. സംശയാസ്പദമായ സന്ദേശങ്ങളോ കോളുകളോ ലഭിച്ചാല്‍ പ്രതികരിക്കരുതെന്നും ഉടന്‍ സൈബർ ക്രൈം കൺട്രോൾ വിഭാഗത്തിന്റെ വാട്സ്ആപ് (97283939) നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സ്പയറി തീയതികൾ എന്നിവ വെളിപ്പെടുത്തരുത്. ഇത് അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ ഇരകളാകുന്നത്. ഫോൺകാള്‍, ടെക്സ്റ്റ് മെസേജ് എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതാണ് ഇത്തരം തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗമെന്ന് അധികൃതര്‍ പറഞ്ഞു. ഹാക്കിങ്, സൈബർ ആക്രമണം എന്നിവയും രാജ്യത്ത് ഏറെയാണ്.
ഹാക്കിങ് ശ്രമങ്ങളുടെയും സൈബർ ആക്രമണങ്ങളുടെയും കാര്യത്തിൽ യു.എ.ഇക്കും സൗദി അറേബ്യക്കും പിറകിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത് 4,000ത്തോളം പരാതികളാണ്. കുറ്റകൃത്യത്തിന് ഇരയായവരിൽ പത്ത് ശതമാനം മാത്രമേ പരാതി നൽകുന്നുള്ളൂവെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.