കുവൈത്ത് സിറ്റി: ബഹ്റൈൻ കറൻസി, ബോണ്ട് എന്നിവ നേരിടുന്ന വെല്ലുവിളി പരിഹരിക്കുന്നതിന് കുവൈത്തും സൗദിയും യു.എ.ഇയും 1000 കോടി ഡോളറിെൻറ ബഹ്റൈൻ സഹായ കരാറിൽ വൈകാതെ ഒപ്പിടും. ഗൾഫ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്തിലെ അൽ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജോർഡനുള്ള സഹായ കരാർ പൂർത്തിയാക്കുന്നതിന് അവിടെയുള്ള മന്ത്രിമാർ തിരിച്ചെത്തിയാൽ ബഹ്റൈനുമായുള്ള കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഫിസിക്കൽ, കറൻറ് അക്കൗണ്ടുകളിൽ കമ്മി കാണിക്കുന്ന ബഹ്റൈൻ വൻ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.
2014ന് ശേഷം എണ്ണവില കുത്തനെ ഇടിഞ്ഞതാണ് ബഹ്റൈൻ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലച്ചത്. കഴിഞ്ഞവർഷം ബഹ്റൈനി ദീനാർ 17 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. ബഹ്റൈൻ സർക്കാർ പുറത്തിറക്കിയ ബോണ്ടുകളുടെയും വിലയിടിഞ്ഞു.
ഇപ്പോൾ എണ്ണവില ഉയർന്നത് അൽപം ആശ്വാസമായിട്ടുണ്ട്. 2011ൽ ഒമാൻ, ബഹ്റൈൻ എന്നിവക്ക് പത്തു ബില്യൻ ഡോളർ വീതം സഹായം നൽകാൻ ജി.സി.സി രാജ്യങ്ങൾ തീരുമാനിച്ചിരന്നു. ഇൗ ജി.സി.സി ഫണ്ട് ഇതുവരെയുള്ള സാമ്പത്തിക വളർച്ചക്ക് സഹായകമായി. ഇപ്പോൾ സാമ്പത്തിക വ്യവസ്ഥക്കുണ്ടായ കിതപ്പ് പരിഹരിക്കാൻ ശക്തമായ നടപടികളെടുക്കണമെന്ന് അന്താരാഷ്ട്ര നാണയനിധി ആവശ്യപ്പെട്ടിരുന്നു.
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കണമെന്നും നികുതി ഏർപ്പെടുത്തി വരുമാനം വർധിപ്പിക്കണമെന്നുമാണ് അന്താരാഷ്ട്ര നാണയനിധിയുടെ നിർദേശം. കഴിഞ്ഞ ജൂണിലാണ് ബഹ്റൈനെ സഹായിക്കാൻ ബൃഹത് പദ്ധതി രൂപവത്കരിക്കുമെന്ന് കുവൈത്തും സൗദിയും യു.എ.ഇയും പ്രഖ്യാപിച്ചത്.
നവംബർ 24ന് ബഹ്റൈൻ പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന് മുമ്പായി രാജ്യം പെൻഷൻ സംവിധാനം പരിഷ്കരിക്കുന്നതുൾപ്പെടെ ചില സാമ്പത്തിക പരിഷ്കരണ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. 1000 കോടി ഡോളർ എന്നത് ബഹ്റൈൻ വാർഷിക ജി.ഡി.പിയുടെ നാലിലൊന്നുവരും. രാജ്യത്തിെൻറ പൊതുകടത്തിെൻറ 28 ശതമാനം വരുമിത്. ഭാവി തലമുറക്ക് വേണ്ടിയുള്ള കരുതലായി ശതകോടികളുടെ നീക്കിയിരിപ്പുള്ള കുവൈത്ത്, സൗദി, യു.എ.ഇ രാജ്യങ്ങൾക്ക് 1000 കോടി ഡോളർ വലിയ ഭാരമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.