കുവൈത്ത് സിറ്റി: ഫലസ്തീൻ വിഷയവും അറബ് രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ പ്രാധാന്യവും, വെല്ലുവിളികളെ അഭിമുഖീകരിക്കൽ, അറബ് ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുള്ള വഴികൾ എന്നിവയും ചർച്ചചെയ്തു 34ാമത് അറബ് ഉച്ചകോടി. ശനിയാഴ്ച ബഗ്ദാദിൽ നടന്ന ഉച്ചകോടിയിൽ കുവൈത്ത് പ്രതിനിധിസംഘത്തെ വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ നയിച്ചു.
ഗസ്സയിലെ നിലവിലെ മോശം സാഹചര്യം, വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരായ ഇസ്രായേലി അധിനിവേശ ആക്രമണം, പീഡനം എന്നിവ ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയമായി. സ്വയം നിർണയത്തിനുള്ള ഫലസ്തീനികളുടെ അവകാശം നിഷേധിക്കാനാവാത്തതാണെന്ന് അറബ് നേതാക്കൾ പറഞ്ഞു.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ നടപടികളെ ഉച്ചകോടിയിൽ പങ്കെടുത്തവർ അപലപിച്ചു. നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ഗസ്സയിലേക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിനും ഇസ്രായേൽ അന്യായമായ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഫലസ്തീനികളെ അവരുടെ ഭൂമിയിൽനിന്നും വീടുകളിൽ നിന്നും പുറത്താക്കാനുള്ള എല്ലാ ശ്രമത്തെയും നിരാകരിക്കുന്നതായും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഗസ്സയുടെ പുനർനിർമാണത്തിനും എല്ലാ രാജ്യങ്ങളും രാഷ്ട്രീയ, സാമ്പത്തിക, നിയമ സഹായം നൽകണമെന്നും അഭിപ്രായപ്പെട്ടു.
1967ലെ അതിർത്തിക്കുള്ളിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം, ദ്വിരാഷ്ട്ര പരിഹാരം, അറബ് സമാധാന സംരംഭം, അന്താരാഷ്ട്ര പ്രമേയങ്ങൾ എന്നിവയുടെ ചട്ടക്കൂടിനുള്ളിൽ ഫലസ്തീൻ പ്രശ്നം നീതിയുക്തവും സമഗ്രവുമായ രീതിയിൽ പരിഹരിക്കണമെന്നും ഉച്ചകോടിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.