കുവൈത്ത് സിറ്റി: അറബ് ഉച്ചകോടിക്കു മുമ്പ് നടക്കുന്ന സാമ്പത്തിക-സാമൂഹിക മന്ത്രിതല ചർച്ചകൾ അറബ് രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനം വർധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് കുവൈത്ത്. സംയുക്ത അറബ് സാമ്പത്തിക സാമൂഹിക പ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ വെള്ളിയാഴ്ച ചർച്ച ചെയ്തതായി ധനമന്ത്രിയെ പ്രതിനിധാനം ചെയ്ത് കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ച ധനകാര്യ മന്ത്രാലയം സാമ്പത്തിക കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി തലാൽ അൽ നമേഷ് പറഞ്ഞു.
സംയുക്ത അറബ് സാമ്പത്തിക- സാമൂഹിക വികസന പ്രവർത്തനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖലയുടെ ആവശ്യകതകൾ, 2019 അറബ് ഉച്ചകോടിയിലെ മുൻ ശിപാർശകൾ നടപ്പാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യസുരക്ഷക്കായി അറബ് തന്ത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിർദേശത്തിന് കൗൺസിൽ കുവൈത്തിന് നന്ദി പറഞ്ഞതായും അദ്ദേഹം പരാമർശിച്ചു.സിറിയൻ അഭയാർഥികളുടെ പ്രശ്നം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള അറബ് വീക്ഷണം, നികുതി വെല്ലുവിളികളെ നേരിടാനുള്ള സംവിധാനം, കോവിഡിനു ശേഷമുള്ള സാമ്പത്തിക സാമൂഹിക വീണ്ടെടുക്കൽ, ബഹിരാകാശ സഹകരണം, സുസ്ഥിര കാർഷിക വികസനം, ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ള തന്ത്രം എന്നിവയും ചർച്ച ചെയ്തതായി തലാൽ അൽ നമേഷ് അറിയിച്ചു.
ഉച്ചകോടിക്ക് തയാറെടുക്കുന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് പങ്കെടുക്കും.
നവംബർ ഒന്ന്, രണ്ട് തീയതികളിലായി നടക്കുന്ന അറബ് ഉച്ചകോടിയിൽ കുവൈത്തും പ്രധാന രാജ്യമാണ്. മേഖലയുടെ പുരോഗതിയും സുരക്ഷയും ഐക്യവും സംബന്ധിച്ച അഭിപ്രായങ്ങൾ കുവൈത്ത് പങ്കുവെക്കും. ഫലസ്തീൻ പ്രതിസന്ധി ഉച്ചകോടിയിൽ പ്രധാന അജണ്ടയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആഫ്രിക്ക, യൂറോപ്പ് എന്നിവയുമായി അറബ് ലോകത്തിന്റെ വിവിധ തലങ്ങളിലുള്ള ബന്ധങ്ങളും ചർച്ചയാകും. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും അറബ് ലോകത്തിന്റെ ഐക്യദാർഢ്യം പ്രതിഫലിപ്പിക്കുന്നതാകും ഉച്ചകോടിയെന്നും അൽജീരിയ അറിയിച്ചു. അറബ് മേഖലയിലെ 21 രാഷ്ട്രങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.