അറബ് കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ ബഹ്റൈൻ-- കുവൈത്ത് മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഇഞ്ചോടിഞ്ചായി മാറിയ പോരാട്ടത്തിനൊടുവിൽ ബഹ്റൈനോട് ഏകപക്ഷീയമായ രണ്ടുഗോളിന് കീഴടങ്ങി കുവൈത്ത് ഫിഫ അറബ് കപ്പ് ഫുട്ബാൾ കളിക്കാനുള്ള അർഹത നഷ്ടപ്പെടുത്തി.
ആക്രമണവും പ്രത്യാക്രമണവുമായി ഇരുനിരയും കളം നിറഞ്ഞപ്പോൾ, ഏറെനേരം ഗോൾ അകന്നുനിന്നു. ഒടുവിൽ രണ്ടാം പകുതിയിലെ 74ാം മിനിറ്റിൽ അലി ഹാറമിെൻറ ഷോട്ടിൽ കുവൈത്ത് വലകുലുങ്ങി.
കളിയുടെ മുക്കാൽ നേരവും തുടർന്ന ടൈ പൊട്ടിയതോടെ മത്സരത്തിന് മൂർച്ചയും കൂടി. തുടർന്നുള്ള മിനിറ്റുകളിൽ ഹൈബാളും ലോങ് ക്രോസുകളുമായാണ് കുവൈത്ത് തിരിച്ചടിച്ചത്. എന്നാൽ, ബഹ്റൈൻ പ്രതിരോധം കൂടുതൽ കടുപ്പിച്ചു. വീണുകിട്ടുന്ന പന്തുകളുമായി മാത്രം തിരിച്ചാക്രമണം തുടങ്ങി അവർ ഒരു ഗോളിെൻറ ലീഡ് കാത്തു. ഒടുവിൽ ഇഞ്ചുറി ടൈമിൽ ഹാഷിം സായിദ് ഈസയുടെ ഗോളിലൂടെ ചെമ്പട ലീഡ് രണ്ടായി ഉയർത്തി.
ഇൗ മാസം ചുമതലയേറ്റ പരിശീലകൻ താമിർ ഇനാദിന് കീഴിൽ ആത്മവിശ്വാസത്തോടും പ്രതീക്ഷയോടും കൂടിതന്നെയാണ് കുവൈത്ത് ടീം പന്തുതട്ടാനിറങ്ങിയതെങ്കിലും അന്തിമ ഫലം നിരാശയുടേതായി.
കുവൈത്തിെൻറ മധ്യനിരതാരം ബദർ അൽ മുതവ്വ രാജ്യാന്തര ഫുട്ബാളിൽ കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോഡും കുറിച്ചു. ദേശീയ ടീമിനായി 185 ാം മത്സരത്തിൽ കുപ്പായമണിഞ്ഞ താരം ഈജിപ്തിെൻറ അഹമ്മദ് ഹസൻെറ റെക്കോഡാണ് മറികടന്നത്. ഇതോടെ അറബ് കപ്പ് യോഗ്യതാ റൗണ്ടിന് സമാപനമായി.
ഖത്തർ, തുനീഷ്യ, അൾജീരിയ, മൊറോക്കോ, ഇൗജിപ്ത്, സൗദി, ഇറാഖ്, യു.എ.ഇ, സിറിയ എന്നീ ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്. ബഹ്റൈൻ, മോറിത്താനിയ, ഒമാൻ, ജോർഡൻ, ഫലസ്തീൻ, ലബനാൻ, സുഡാൻ ടീമുകൾ യോഗ്യത മത്സരത്തിലൂടെയും ഫൈനൽ റൗണ്ടിലെത്തി. ഗ്രൂപ് 'എ'യിൽ ഖത്തർ, ഇറാഖ്, ഒമാൻ ടീമുകൾക്കൊപ്പമാണ് ബഹ്റൈെൻറ സ്ഥാനം.
ബി ഗ്രൂപ്പിൽ തുനീഷ്യ, യു.എ.ഇ, സിറിയ, മോറിത്താനിയ ടീമുകളും സി ഗ്രൂപ്പിൽ മൊറോക്കോ, സൗദി, ജോർഡൻ, ഫലസ്തീൻ ടീമുകളും ഡി ഗ്രൂപ്പിൽ അൾജീരിയ, ഇൗജിപ്ത് ലബനാൻ, സുഡാൻ ടീമുകളും കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.