കുവൈത്ത് സിറ്റി: രാജ്യത്തെ ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പ് തടയാന്‍ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആന്റി ഫ്രോഡ് റൂം പദ്ധതി നടപ്പിലാക്കുന്നു. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 24 മണിക്കൂറും ലഭ്യമായ സെൻട്രൽ റൂം സ്ഥാപിക്കുന്നത്. ബാങ്ക് യൂനിയന്‍, ആഭ്യന്തര മന്ത്രാലയം, സിട്രാ, പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയതായിരിക്കും സമിതി.
ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പ് തടയുക, ഫണ്ട് കൈമാറ്റം, ആഭ്യന്തര മന്ത്രാലയവുമായി ബാങ്കിങ് റിപ്പോർട്ടുകൾ പങ്കുവെക്കുക തുടങ്ങിയവയാണ് സമിതിയുടെ പ്രാഥമിക ചുമതല. ഇതോട് അനുബന്ധിച്ച വിവരങ്ങള്‍ നല്കാന് കുവൈത്ത് സെൻട്രൽ ബാങ്ക്, രാജ്യത്തെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ ബാങ്കുകളെയും ബന്ധിപ്പിച്ചുള്ള സംവിധാനമായതിനാല്‍ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നം വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിനും അത്തരം പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിനും പുതിയ സംവിധാനം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. സ്ഥിരമായി രാജ്യത്തുനിന്ന് പണം തട്ടുന്ന അക്കൗണ്ടുകൾ കൂട്ടത്തോടെ പിടിക്കുന്നതോടെ സൈബർ തട്ടിപ്പുസംഘങ്ങളുടെ ശ്രമങ്ങൾ കുറയുമെന്നും കരുതുന്നു.
രാജ്യത്ത് ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പുകൾ അടുത്തിടെ വർധിച്ചിരുന്നു. ബാങ്ക് കാർഡുകളുടെ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പുകളിൽ ഭൂരിപക്ഷവും. ഇതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറിരട്ടി വർധിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് നേരത്തെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സൈബര്‍ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തിൽ ഹാക്കിങ് ശ്രമങ്ങളും സൈബർ ആക്രമണങ്ങളും നേരിടുന്ന കാര്യത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്. പണം ആവശ്യപ്പെടുന്ന വ്യാജ ലിങ്കുകൾ, ഫോണുകളില്‍ ലഭിക്കുന്ന സന്ദേശങ്ങൾ എന്നിവയോട് പ്രതികരിക്കരുതെന്ന് അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. ബാങ്ക് അക്കൗണ്ട്, എ.ടി.എം കാർഡ് വിവരങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.