കുവൈത്ത് സിറ്റി: കുവൈത്ത് യാത്രക്കാർക്ക് ആശ്വാസം. കുവൈത്തിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് അടക്കം എല്ലാ വിമാനങ്ങളും ജൂൺ ഒന്നു മുതൽ സർവിസ് ആരംഭിക്കുമെന്ന് പ്രതീക്ഷ. ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമായതായി ഈ രംഗത്തുള്ളവർ വ്യക്തമാക്കി.
കുവൈത്തിൽ നിന്ന് ദിവസം ഒരു സർവിസ് എന്ന നിലയിലാകും എയർഇന്ത്യ എക്സ്പ്രസിന് അനുമതി. പുലർച്ചെ നാലിനും രാത്രി 10നും ഇടയിലാകും സർവിസുകൾ. വിമാനങ്ങളുടെ ഷെഡ്യൂൾ വൈകാതെ അധികൃതർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 28ന് കുവൈത്ത് വ്യോമാതിർത്തിയും വിമാനത്താവളവും അടക്കുകയും വിമാന സർവിസുകൾ പൂർണമായും നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇതോടെ എയർഇന്ത്യ എക്സ്പ്രസ് സർവിസുകളും നിലച്ചു.
അടുത്തിടെ കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് കുവൈത്ത് എയർവേസ്,ജസീറ എയർവേസ് എന്നിവ സർവിസ് ആരംഭിച്ചെങ്കിലും മറ്റുവിമാന കമ്പനികൾക്ക് നിയന്ത്രണം തുടർന്നു. ഇതിൽ ജൂൺ ഒന്നോടെ മാറ്റം വരും.
എയർഇന്ത്യ എക്സ്പ്രസ് സർവിസ് പുനരാരംഭിക്കുന്നത് മലയാളികൾ അടക്കമുള്ള യാത്രക്കാർക്ക് ആശ്വാസമാണ്. നിലവിൽ കുവൈത്തിൽ നിന്ന് കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവ മാത്രമാണ് സർവിസ് നടത്തുന്നത്. ഇവ കേരളത്തിൽ എല്ലാ വിമാനത്താവളങ്ങളിലേക്കും സർവിസ് നടത്തുന്നില്ല. വിമാന ടിക്കറ്റിലെ അമിത നിരക്കും എയർഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നതോടെ കുറയും എന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.