ശൈഖ ജവഹർ അസ്സബാഹ് യോഗത്തിൽ
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിന് ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനംചെയ്ത് കുവൈത്ത്. ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കേണ്ടതിനൊപ്പം അടിയന്തര വെടിനിർത്തലും നടപ്പാക്കണമെന്ന് കുവൈത്ത് വ്യക്തമാക്കി.
ഗസ്സയിലെ ഇസ്രായേൽ കുറ്റകൃത്യങ്ങൾ ചർച്ചചെയ്യുന്നതിനായി അറബ് മനുഷ്യാവകാശ സമിതിയുടെ അടിയന്തര യോഗത്തിന് മുമ്പായി കുവൈത്ത് മനുഷ്യാവകാശകാര്യ അംബാസഡർ ശൈഖ ജവഹർ അസ്സബാഹ് വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഫലസ്തീൻ ആവശ്യത്തെ പിന്തുണക്കുന്നതിൽ അറബ് ലീഗിന്റെ പങ്കിന്റെ പ്രാധാന്യത്തിലുള്ള വിശ്വാസത്തിൽനിന്നാണ് പ്രത്യേക സെഷൻ സംഘടിപ്പിക്കാനുള്ള കുവൈത്തിന്റെ അഭ്യർഥനയെന്ന് ശൈഖ ജവഹർ പറഞ്ഞു.
സ്വയം പ്രതിരോധത്തിനുള്ള അവകാശം എന്ന വ്യാജേന ഗസ്സയിൽ ഇസ്രായേൽ സൈന്യം ആരംഭിച്ച ഭീകരവും ക്രൂരവുമായ ആക്രമണത്തെ ‘യുദ്ധക്കുറ്റങ്ങൾ’ എന്ന് അവർ വിശേഷിപ്പിച്ചു. നിർബന്ധിത സ്ഥാനചലനം, മാനുഷിക സഹായത്തിലേക്കുള്ള പ്രവേശനം തടയൽ എന്നിവ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും വ്യക്തമാക്കി. മനുഷ്യാവകാശങ്ങളുടെ വക്താക്കളുടെ ഭയാനകമായ നിശബ്ദതക്കു മുന്നിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഫലസ്തീൻ വിഷയത്തിൽ കുവൈത്തിന്റെ തത്ത്വാപരവും ഉറച്ചതുമായ നിലപാട് ശൈഖ ജവഹർ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.