ഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സക്ക് കുവൈത്ത് സഹായം തുടരുന്നു. കൂടുതൽ സഹായവുമായി കുവൈത്തിൽ നിന്നും ഗസ്സയിലേക്കുള്ള 42ാമത് ദുരിതാശ്വാസ വിമാനം ഞായറാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. 10 ടൺ മെഡിക്കൽ സാമഗ്രികളും പുതപ്പുകളും അവശ്യവസ്തുക്കളും വിമാനത്തിൽ ഉൾക്കൊള്ളുന്നു.
ക്രൂരമായ ഇസ്രായേൽ ആക്രമണത്താൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന ഫലസ്തീനികളുടെ വേദന ലഘൂകരിക്കാൻ ഗസ്സക്കുള്ള സഹായം തുടരുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഡിസാസ്റ്റർ ആൻഡ് എമർജൻസി ഡിപ്പാർട്മെന്റ് ഡയറക്ടർ യൂസഫ് അൽ മരാജ് പറഞ്ഞു. ആളുകൾക്ക് മാനുഷിക സഹായം എത്തിക്കുക, ഭക്ഷണം, വൈദ്യസഹായം നൽകുക, കുടുംബങ്ങളെ സഹായിക്കുക എന്നിങ്ങനെയുള്ള ഫലസ്തീനിനെ സഹായിക്കാനുള്ള കാമ്പയിൻ തുടരുകയാണ്. കാമ്പയിനോടുള്ള കുവൈത്തിന്റെ പ്രതികരണത്തെ അദ്ദേഹം അഭിനന്ദിച്ചു.
പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സഹായം അയക്കുന്നതിനുമുള്ള വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾക്ക് അൽ മരാജ് നന്ദി പറഞ്ഞു. റഫ ബോർഡർ ക്രോസിങ് വഴി കുവൈത്ത് സഹായ പ്രവേശനം സുഗമമാക്കുന്നതിന് ഈജിപ്ത് റെഡ് ക്രസന്റിനോടും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.