ക്വാർട്ടർ പ്രവേശനം നേടിയ കുവൈത്ത് ടീമിന്റെ ആഹ്ലാദം
കുവൈത്ത് സിറ്റി: അവസാന ഗ്രൂപ് മത്സരത്തിൽ ഇറാഖിനെ സമനിലയിൽ തളച്ച കുവൈത്ത് എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പ് ചാമ്പ്യഷിപ്പിൽ ക്വാർട്ടർ മത്സരത്തിന് യോഗ്യത നേടി. ചൊവ്വാഴ്ച ഉസ്ബകിസ്താനുമായാണ് കുവൈത്തിന്റെ അടുത്ത മത്സരം. കരുത്തരായ ഇറാഖിനെതിരെ രണ്ടാം മിനിറ്റിൽ അൽവാദിയിലൂടെ ആദ്യ ഗോൾനേടി കുവൈത്ത് മുന്നിലെത്തിയെങ്കിലും 13ാം മിനിറ്റിൽ ഇറാഖ് തിരിച്ചടിച്ചു. ക്വാർട്ടർ പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന ഇറാഖ് തുടരൻ ആക്രമണങ്ങളാണ് പിന്നീട് നടത്തിയത്. 18ാം മിനിറ്റിൽ രണ്ടാം ഗോളും നേടി ഇറാഖ് മുന്നിലെത്തി. ഫൈസലാണ് ഇറാഖിനായി രണ്ടു ഗോളുകളും നേടിയത്. ഒരു ഗോളിനു പിറകിലായതോടെ കുവൈത്തും ഉണർന്നുകളിച്ചു. ആദ്യപകുതിയുടെ അവസാനത്തിൽ 21ാം മിനിറ്റിൽ അല മുസാബിഹിയിലൂടെ കുവൈത്ത് സമനില നേടിയെടുത്തു. തുടർന്ന് വിജയത്തിനായി ഇറാഖ് പൊരുതിയെങ്കിലും കുവൈത്ത് ശക്തമായി ചെറുത്തുനിന്നു.
ഗ്രൂപ് എയിൽനിന്ന് ഏഴു പോയന്റ് ലഭിച്ച തായ്‍ലൻഡ് നേരത്തേ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയിരുന്നു. രണ്ടാം സ്ഥാനക്കാരായാണ് കുവൈത്തിന്റെ ക്വാർട്ടർ പ്രവേശനം. ഒമാനെതിരെ വൻ വിജയം നേടിയ കുവൈത്ത് തായ്‍ലൻഡ്, ഇറാഖ് എന്നിവക്കെതിരെ സമനില വഴങ്ങി അഞ്ചു പോയന്റ് നേടിയാണ് അവസാന എട്ടിൽ ഇടം പിടിച്ചത്. കുവൈത്തുമായി സമനില വഴങ്ങിയതോടെ ഇറാഖ് നാലു പോയന്റിലൊതുങ്ങി മൂന്നാം സ്ഥാനത്തായി.ക്വാർട്ടറിൽ ഉസ്ബകിസ്താനെ തോൽപിച്ച് സെമിയിലേക്ക് പ്രവേശിക്കാമെന്നാണ് കുവൈത്തിന്റെ പ്രതീക്ഷ. ഗ്രൂപ് ബിയിലെ ഒന്നാം സ്ഥാനക്കാരായി ഒരു മത്സരവും തോൽക്കാതെയാണ് ഉസ്ബകിസ്താൻ ക്വാർട്ടറിൽ ഇടംപിടിച്ചത്. ക്വാർട്ടർ മറികടക്കാൻ കുവൈത്തിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. തായ്‍ലൻഡ്, താജികിസ്താൻ, ഇറാൻ എന്നീ ടീമുകളും ഇതിനകം ക്വാർട്ടർ യോഗ്യത നേടിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ ഗ്രൂപ് മത്സരങ്ങൾക്ക് വിരാമമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.