എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പ് ഫൈനലിൽ എത്തിയ ഇറാൻ ടീം
കുവൈത്ത് സിറ്റി: 16ാമത് എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പ് കിരീടപോരാട്ടത്തിൽ ശനിയാഴ്ച ഇറാനും ജപ്പാനും ഏറ്റുമുട്ടും. ഫൈനലിൽ ജപ്പാനെ നേരിടുന്ന ഇറാൻ കിരീടം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ്. 12 തവണ ജേതാക്കളായ ഇറാൻ 2018ലെ ഫൈനലിൽ 4-0ന് ജപ്പാനെ തകർത്താണ് അവസാന കിരീടം നേടിയത്. മൂന്ന് തവണ കിരീടം നേടിയിട്ടുണ്ടെങ്കിലും ശക്തരായ ഇറാനെ മറികടക്കണമെങ്കിൽ ജപ്പാൻ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. സെമിയിൽ ഉസ്ബകിസ്താനെ ഒരു ഗോളിന് തോൽപിച്ചാണ് ജപ്പാൻ ഫൈനൽ യോഗ്യത നേടിയത്. തായ്‍ലൻഡിനെ ഏകപക്ഷീയമായ അഞ്ചു ഗോളിന് തകർത്താണ് ഇറാന്റെ വരവ്. അഞ്ച് മത്സരങ്ങളിൽനിന്ന് 37 ഗോളുകൾ നേടിയ ഇറാൻ ഇക്കാര്യത്തിലും മുന്നിലാണ്. ഒരു കളിയും തോൽക്കാതെയാണ് ഇറാൻ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഇന മത്സരത്തിൽ സൗദി അറേബ്യയോട് ജപ്പാൻ തോൽവി വഴങ്ങിയിരുന്നു.
കിരീടം നിലനിർത്തുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് തങ്ങളെന്ന് ഇറാൻ ഹെഡ് കോച്ച് വാഹിദ് ഷംസായി വ്യക്തമാക്കി. ജപ്പാനെ ചെറുതായി കാണുന്നില്ലെന്നും അതനുസരിച്ച് തന്ത്രങ്ങൾ മെനയുമെന്നും മത്സരം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ മത്സരത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതായും കളിക്കാർ വിജയപ്രതീക്ഷയിലാണെന്നും ജപ്പാൻ കോച്ച് കോഗുരെ പറഞ്ഞു. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ തായ്‍ലൻഡും ഉസ്ബകിസ്താനും ഏറ്റുമുട്ടും. ശനിയാഴ്ച വൈകീട്ട് സാദ് അൽ അബ്ദുല്ല ഹാളിലെ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.