കുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനും നിയമങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിവിധ ഗവർണറേറ്റുകളിലുടനീളം തീവ്ര പരിശോധനാ കാമ്പയിനുകൾ തുടരുന്നു. ഈ മാസം ഒരാഴ്ചക്കിടെ നടന്ന പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 823 വ്യക്തികളെ അറസ്റ്റ് ചെയ്തു. 1,084 നിയമലംഘകരെ രാജ്യത്തുനിന്ന് നാടുകടത്തി. മേയ് 11നും 18നും ഇടയിലെ കണക്കാണിത്.
കഴിഞ്ഞ ദിവസം ഷുവൈഖ്, അംഘാര, നയീം സ്ക്രാപ്പ് തുടങ്ങിയ വ്യവസായിക മേഖലകളിൽ പ്രത്യേക പരിശോധന നടന്നു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈത്ത് മുനിസിപ്പാലിറ്റി, ഫയർഫോഴ്സ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പരിശോധന നടത്തിയത്.
രണ്ടു ദിവസം മുമ്പ് ജലീബ് അൽ ഷുയൂഖ് മേഖലയിലും വ്യാപക പരിശോധനകൾ നടന്നു. പരിശോധനകളിൽ 301 പേരെ അറസ്റ്റ് ചെയ്തു. 249 പേരെ നാടുകടത്തുകയും നിയമപരമായി പിടികിട്ടാനുള്ള 52 പേരെ പിടികൂടുകയും ചെയ്തിരുന്നു.
പരിശോധനകളിൽ താമസ തൊഴിൽ നിയമലംഘകരുടെ അറസ്റ്റിന് പുറമെ നിരവധി നിയലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച് നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചു. കർശന നിയമലംഘനത്തിന് പിടിയിലാകുന്നവരെ നാടുകടത്തൽ, തടങ്കൽ കാര്യ വകുപ്പുമായി ഏകോപിപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.
നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും, പൊതു സുരക്ഷ നിലനിർത്തുന്നതിനും, ക്രമസമാധാനം നിലനിർത്തുന്നതിനും പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്ന തൊഴിലാളികളുടെ തൊഴിലുടമകളും നടപടി നേരിടേണ്ടിവരും. വിവിധ പ്രദേശങ്ങളിലായി ദിവസവും പരിശോധനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.