കുവൈത്ത് സിറ്റി: രാജ്യ സുരക്ഷയെ ദുർബലപ്പെടുത്തുന്നതിനും തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകുന്നതിനുമുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ട സംഘം പിടിയിൽ. പൗരത്വം റദ്ദാക്കപ്പെട്ട ഒരാൾ ഉൾപ്പെടെ 24 പൗരന്മാരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫണ്ടുകൾ പ്രതികളുടെ കൈവശം കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. പൗരത്വം റദ്ദാക്കപ്പെട്ട ഒരാൾ ഉൾപ്പെടെ വിദേശത്തേക്ക് കടന്ന എട്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഘം രാജ്യത്തിന് പുറത്തുനിന്നുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കൈമാറ്റത്തിനായി പണം സ്വീകരിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നപേരിൽ ട്രസ്റ്റിന്റെ കീഴിലാണ് ഫണ്ട് ശേഖരിച്ചത്. എന്നാൽ ഫണ്ടുകൾ നിയമവിരുദ്ധമായ സ്ഥാപനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.
പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ദേശീയ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.