കുവൈത്ത് സിറ്റി: സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകളുടെ അംഗീകാരവും ലൈസൻസും റദ്ദാക്കുന്നതിനുള്ള സമയപരിധി 2027-2028 അധ്യയന വർഷമായി നിശ്ചയിച്ചു. 2025 ഡിസംബർ എട്ടിലെ മുനിസിപ്പൽ കൗൺസിൽ തീരുമാനത്തിന് മുനിസിപ്പൽകാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ എഞ്ചിനീയർ അബ്ദുൽ ലത്തീഫ് അൽ-മഷാരി അംഗീകാരം നൽകി. സ്കൂളുകൾക്കായി ബദൽ സ്ഥലങ്ങൾ കണ്ടെത്തൽ പൂർത്തിയാക്കിയ ശേഷം മാത്രമേ ഒഴിപ്പിക്കൽ നടപടി നടപ്പാക്കൂ.
ട്രാഫിക് ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയും അംഗീകൃത ട്രാഫിക് പഠനവും ഇല്ലാതെ സ്കൂളുകൾക്ക് അനുവദിച്ച സ്ഥലങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയും ചേർത്തിട്ടുണ്ട്.
മുമ്പ് 2023 നവംബർ 13ലെ തീരുമാന പ്രകാരം മൂന്ന് വർഷത്തിനകം സ്വകാര്യ സ്കൂളുകൾ റെസിഡൻഷ്യൽ മേഖലകളിൽ നിന്ന് ഒഴിപ്പിച്ച് മറ്റു മേഖലകളിലേക്ക് മാറ്റാനായിരുന്നു നിർദ്ദേശം. റെസിഡൻഷ്യൽ പ്രദേശങ്ങളിലെ തിരക്കും ഗതാഗതക്കുരുക്കും കുറക്കാനും താമസക്കാരുടെ ജീവിതനിലവാരം ഉയർത്താനും ഇത് സഹായിക്കുമെന്നായിരുന്നു വിലയിരുത്തൽ.
അതേസമയം, പല സ്കൂളുകളും മാറ്റങ്ങൾക്കായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നില്ല. കൂടുതൽ സമയം ലഭിച്ചത് ഇവർക്ക് ഗുണകരമാകും.
വികസന പ്രവർത്തനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കണം
കുവൈത്തിലെ സ്കൂളുകളിലെ അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിയന്ത്രണം ശക്തമാക്കി.
ചില പ്രവർത്തനങ്ങളിൽ അനധികൃത ഇടപെടലുകൾ കണ്ടെത്തിയതോടെ ലംഘനങ്ങൾ ഉടൻ നീക്കം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായി നിർദേശം നൽകി. ലംഘനം കണ്ടെത്തിയ സ്കൂളുകളെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി ഉത്തരവിട്ടു.
നിർമാണത്തിലെ ലംഘനങ്ങൾ സുരക്ഷക്കും ഗുണനിലവാരത്തിനും ഭീഷണിയാകുമെന്നും വാറന്റി കാലയളവിനെ ബാധിക്കുമെന്നും പൊതുമരാമത്ത് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലംഘനങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.