കുവൈത്ത് സിറ്റി: വിദേശികള്‍ നമ്മുടെ അതിഥികളാണെന്ന തിരിച്ചറിവ് വേണമെന്നും വാക്കുകള്‍ കൊണ്ടുപോലും അവരെ മുറിവേൽപിക്കരുതെന്നും ചരിത്രഗവേഷകനും ഡോക്യുമെൻററി സംവിധായകനും ഇസ്ലാമിക ചിന്തകനുമായ ഡോ. താരിഖ് സുവൈദാന്‍ പറഞ്ഞു. പ്രവാസികളെക്കുറിച്ച് വളരെ മോശവും വംശീയവുമായ ചിന്തകളും പ്രയോഗങ്ങളും ഉയർന്നുവന്ന പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
നിയമവിധേയമായിക്കൊണ്ട് പ്രവാസികളുടെ എണ്ണം സ്വദേശികളേക്കാള്‍ പെരുകുന്നതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാര്യക്ഷമതയില്ലാത്ത തൊഴിലവസരങ്ങള്‍ കുറക്കുക, ആഡംബരത്തിനായുള്ള അനാവശ്യ തൊഴിലാളികളുടെ എണ്ണം കുറക്കുക, ഊഹക്കമ്പനികൾ, പണം വാങ്ങി വിസകള്‍ നല്കി വഞ്ചിക്കുന്നവര്‍ മുതലായവർക്കെതിരെ നടപടി സ്വീകരിക്കുക എന്നിവയാണ് ജനസംഖ്യാ ക്രമീകരണത്തിനുള്ള വഴികൾ. ഇതിനൊപ്പം, സാമ്പത്തിക മേഖലയിലെ അഴിമതി നിയന്ത്രിക്കണം.
ഗള്‍ഫ് നാടുകളുടെ നിർമാണത്തിലും വികസനത്തിലും വിദേശികളുടെ പങ്ക് നിഷേധിക്കാനാവില്ല. അവർ കേവലമായ ഔദാര്യങ്ങള്‍ ചോദിച്ചു വന്നവരല്ല. മറിച്ച്, ഔദ്യോഗികവും വ്യക്തവുമായ കരാറുകളുടെ അടിസ്ഥാനത്തില്‍ കഠിനമായി പണിയെടുത്ത് ജീവിക്കുന്നവരാണ്. ഇൗ കരാർ പാലിക്കാൻ സ്വദേശികളും ബാധ്യസ്ഥരാണ്.
ഭൂരിഭാഗം മേഖലകളിലും സ്വദേശികളേക്കാളും മികച്ച രീതിയിൽ അവര്‍ പണിയെടുക്കുന്നു. അവരില്ലായിരുന്നെങ്കില്‍ നമ്മുടെ ആഭ്യന്തര സമ്പദ്ഘടന തകര്‍ന്നു പോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികള്‍ക്കെതിരെ നടക്കുന്ന വൃത്തികെട്ട ശബ്ദകോലാഹലങ്ങളില്‍ തങ്ങളില്ലെന്ന് വ്യക്തമാക്കിയും ഈ സമൂഹത്തിനു നിങ്ങള്‍ നല്കിയ സേവനത്തിന് നന്ദി പറഞ്ഞുമാണ് കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.