കുവൈത്ത് സിറ്റി: വിദഗ്ധ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളെ കുഴക്കുന്നു. സ്വദേശികളും വിദേശികളുമായ വിദഗ്ധർ സ്വകാര്യ മേഖലയിലെയും മറ്റും നല്ല അവസരങ്ങൾക്കായി കൂടുമാറുന്നതായാണ് റിപ്പോർട്ട്.
ഇവർക്ക് പകരക്കാരെ കണ്ടെത്താൻ മന്ത്രാലയങ്ങൾ ബുദ്ധിമുട്ടുന്നു. 1.6 മില്യൻ ദീനാർ പ്രതിവർഷം ഇത്തരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ ചെലവഴിക്കേണ്ടിവരുന്നു. വ്യക്തികളെ നേരിട്ട് നിയമിക്കുന്നതിന് പകരം കമ്പനികളുമായി കരാറിൽ ഏർപ്പെടുകയാണ് ചെയ്യുന്നത്.
വിദേശികളായ വിദഗ്ധ തൊഴിലാളികളെ വിതരണം ചെയ്യുന്ന 17 കമ്പനികളുമായി കഴിഞ്ഞവർഷം കരാർ ഒപ്പിട്ടു.
വിദഗ്ധ തൊഴിലാളികളെ വിതരണം ചെയ്യുന്ന കമ്പനികളെ ഫത്വ ബോർഡ്, ഒാഡിറ്റ് ബ്യൂറോ, സിവിൽ സർവിസ് കമീഷൻ, സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് എന്നിവ നിരീക്ഷിക്കുന്നുണ്ട്.
ഉയർന്ന ശമ്പളം നൽകിയാണ് സ്വകാര്യ മേഖലയിലെ കമ്പനികൾ സർക്കാർ വകുപ്പുകളിലെ വിദഗ്ധരെ അടർത്തിയെടുക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി, അക്കൗണ്ടിങ്, എൻജിനീയറിങ്, അഡ്മിനിസ്ട്രേഷൻ, നിയമം, പരിശീലനം തുടങ്ങിയ മേഖലകളിൽ കൊഴിഞ്ഞുപോക്കുണ്ട്. ഒരുവശത്ത് സ്വദേശിവത്കരണം ശക്തിപ്പെടുത്തിവരുന്നതിനിടെയാണ് അനിവാര്യമായും വേണ്ട വിദഗ്ധ തൊഴിലാളികൾ കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ തേടിപ്പോവുന്നത് വിവിധ മന്ത്രാലയങ്ങളെ കുഴക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.