കുവൈത്ത് സിറ്റി: സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ജയില്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഇബ്റാഹീം ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഉത്തരവാദിത്ത നിര്‍വഹണത്തില്‍ അശ്രദ്ധ കാണിച്ചെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഉന്നത സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തയത്. സംഭവത്തിെൻറ നിജസ്ഥിതി കണ്ടെത്തുന്നതിന് ജനറല്‍ പ്രോസിക്യൂഷനും മെഡിക്കല്‍ വിഭാഗവും തെളിവെടുപ്പ് തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
മൃതദേഹം കണ്ടെത്തുന്നതിെൻറ ആറു മണിക്കൂര്‍ മുമ്പാണ് മരണം നടന്നതെന്നും സംഭവം ആത്മഹത്യയാണെന്നുമാണ് പ്രാഥമിക നിഗമനം. രാത്രി നല്കിയ ഭക്ഷണം പരിശോധിച്ചതില്‍നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇൗ നിഗമനത്തിലെത്തിയത്.
അതിനിടെ, രഹസ്യാന്വേഷണ വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷര്‍ഹാന്‍ ചൊവ്വാഴ്ച ജയിലിലെത്തി സഹതടവുകാരില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു.
ജയിലില്‍ തടവുകാരന് ജീവനൊടുക്കിയ സംഭവം പാര്‍ലമെൻറിലും ചര്‍ച്ചയായി.
സംഭവം സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയാറാക്കി സഭയെ അറിയിക്കണമെന്ന് പാര്‍ലമെൻറ് അംഗം സാലിഹ് അല്‍ ആശൂര്‍ ആവശ്യപ്പെട്ടു. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ ഉടന്‍ സസ്പെൻഡ് ചെയ്ത നടപടിയെ പാര്‍ലമെൻറംഗവും മനുഷ്യാവകാശ സമിതി മേധാവിയുമായ ആദില്‍ അല്‍ ദംഹി സ്വാഗതം ചെയ്തു.
അഭിപ്രായ പ്രകടന കേസില്‍ തടവുശിക്ഷ അനുഭവിച്ചുവരുന്ന മുൻ എം.പി മുസല്ലം അൽ ബർറാകിനെ കൈയേറ്റം ചെയ്ത സംഭവത്തിലെ പ്രതിയാണ് ആത്മഹത്യ ചെയ്തത്. ബിദൂനിയാണ് ഇയാൾ. മയക്കുമരുന്ന് കേസില്‍ പ്രതിയായ ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് വ്യായാമം നടത്തുകയായിരുന്ന ബര്റാകിെൻറ മുഖത്തടിച്ചത്. പരിക്കേറ്റ ബര്‍റാകിനെ ഫര്‍വാനിയ ആശുപത്രിയില്‍ വിദഗ്ധ പരിശോധനക്ക് വിധേയനാക്കിയിരുന്നു.
ബര്‍റാകിനെ ആക്രമിച്ച കേസിെൻറ തുടർ നടപടികള്‍ക്കിടെ പ്രതി തൂങ്ങിമരിച്ചതാണ് ഇപ്പോള്‍ ദുരൂഹത വര്‍ധിപ്പിച്ചത്. ബർറാകിനെതിരെ കൈയേറ്റം ഉണ്ടായപ്പോള്‍ തന്നെ ഇവരെ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്ന് എം.പി ജംആന്‍ അല്‍ ഹര്‍ബഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.