സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന്  വിദേശികള്‍ക്ക് മരുന്നുനല്‍കുന്നത് തുടരും

കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നത് തുടരുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 
സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും വിദേശികള്‍ക്ക് മരുന്നു സൗജന്യമായി നല്‍കുന്നതിനെതിരെ പാര്‍ലമെന്‍റില്‍ കരടുനിര്‍ദേശം വന്ന പശ്ചാത്തലത്തില്‍ ആശങ്കയൊഴിവാക്കാനാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇന്‍ഷുറന്‍സ് ആശുപത്രികളുടെയും ഇനീഷ്യല്‍ ഹെല്‍ത്ത് കെയര്‍ സെന്‍ററുകളുടെയും നിര്‍മാണം പൂര്‍ത്തിയാവുന്നത് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിന് മൂന്നുവര്‍ഷം വരെ എടുക്കുമെന്നാണ് കരുതുന്നത്. 
ക്ളിനിക്കുകള്‍ ഒരു ദീനാറും ആശുപത്രികള്‍ രണ്ട് ദീനാറുമാണ് വിദേശികളില്‍നിന്ന് നിലവില്‍ പരിശോധന ഫീസ് ഈടാക്കുന്നത്. വിദേശികളില്‍ അധികവും ഗാര്‍ഹിക ജോലിക്കാരായതിനാല്‍ മരുന്നിന് ഫീസ് ഏര്‍പ്പെടുത്തുന്നത് സ്പോണ്‍സര്‍മാരായ സ്വദേശികള്‍ക്കാണ് ബാധ്യത വരുത്തുകയെന്ന അഭിപ്രായവും ഇതോടൊപ്പമുണ്ട്. വിദേശികളില്‍നിന്ന് മരുന്നിന് ഫീസ് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റ് അംഗം സഫാഹ് അല്‍ ഹാഷിം കരട് പ്രമേയം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. 
നിലവില്‍ പ്രവേശന ഫീസായി വിദേശികള്‍ ക്ളിനിക്കുകളില്‍ നല്‍കുന്ന ഒരു ദിനാറും ആശുപത്രികളില്‍ നല്‍കുന്ന രണ്ടു ദിനാറും പരിശോധന ഫീസ് മാത്രമായി പരിഗണിക്കണമെന്നും അതില്‍ മരുന്ന് ഉള്‍പ്പെടുത്തരുതെന്നുമാണ് സഫ അല്‍ ഹാഷിം എം.പി സമര്‍പ്പിച്ച കരടുനിര്‍ദേശത്തിലുള്ളത്്. 
ഇതിനെതിരെ ഡോക്ടര്‍മാരില്‍നിന്നും എം.പിമാരില്‍നിന്നും മറ്റും വ്യാപക എതിര്‍പ്പാണ് ഉയര്‍ന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.