പ്രവാസി പ്രശ്നങ്ങളില്‍ സജീവമായി ഇടപെടും –കേരള ജനപക്ഷം

കുവൈത്ത് സിറ്റി: സാധാരണക്കാരായ പ്രവാസി മലയാളികളുടെ പ്രശ്നങ്ങളില്‍ കേരള ജനപക്ഷം സജീവമായി ഇടപെടുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. വിസക്കച്ചവടക്കാരുടെയും ഏജന്‍റുമാരുടെയും ചതിയില്‍പെട്ട് വിദേശത്ത് ദുരിതജീവിതം നയിക്കുന്നവും ജയിലില്‍ അകപ്പെട്ടവരുമായ നിരവധി മലയാളികളുണ്ട്. 
ഇവരുടെ ദുരിതാവസ്ഥ മുതലെടുത്ത് ചൂഷണം ചെയ്യുന്ന പലിശക്കാരെ നിലക്ക് നിര്‍ത്തണം. പ്രവാസി വ്യവസായികളുടെ സേവനത്തെ വിലമതിക്കുന്നതോടൊപ്പംതന്നെ സാധാരണക്കാരായ പ്രവാസികളെ കാണാതെ പോവുന്ന അധികൃതരുടെ നയത്തില്‍ പ്രതിഷേധിക്കുന്നു. വ്യാജ നഴ്സിങ് റിക്രൂട്ട്മെന്‍റ് ഉള്‍പ്പെടെ വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും സഭയില്‍ ഉന്നയിക്കുകയും ചെയ്യും. ഒരുമുന്നണിയുടെയും ഭാഗമാവാതെ സാധാരണക്കാര്‍ക്കായി കേരള ജനപക്ഷം പ്രവര്‍ത്തിക്കും -അദ്ദേഹം പറഞ്ഞു. ചെറിയ ശതമാനം മാത്രമുള്ള സംഘടിത തൊഴിലാളി വിഭാഗങ്ങളുടെ തീട്ടൂരത്തിന് വഴങ്ങി സര്‍ക്കാറുകള്‍ അനര്‍ഹമായി ആനുകൂല്യങ്ങള്‍ നല്‍കുന്നു. അഞ്ച് ഏക്കര്‍ ഭൂമിയുള്ള കര്‍ഷകന് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വരുമാനമുണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. 
കേരളത്തിന്‍െറ വിഭവങ്ങളും സമ്പത്തും മുഴുവന്‍ മലയാളികളുടേതുമാണ്. സംഘടിത ഗുണ്ടായിസത്തിലൂടെ അത് ചെറിയൊരു വിഭാഗം കൈക്കലാക്കുന്നത് അനുവദിക്കില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവജനപക്ഷം സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി മാര്‍ട്ടിന്‍, ജനപക്ഷം കുവൈത്ത് ചാപ്റ്റര്‍ കണ്‍വീനര്‍ സാലക്സ് കുര്യന്‍, ജോജി ജോസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.