കുവൈത്തിന്‍െറ വിലക്ക് നീക്കാന്‍ ഐ.ഒ.സി വിസമ്മതിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് താല്‍ക്കാലികമായി നീക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) വിസമ്മതിച്ചു. കായിക മേഖലയില്‍ സര്‍ക്കാറിന്‍െറ അമിത ഇടപെടലുണ്ടാവുന്നുവെന്നാരോപിച്ച് കഴിഞ്ഞവര്‍ഷമാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കുവൈത്തിനെ സസ്പെന്‍ഡ് ചെയ്തത്. 
വിലക്ക് മൂലം അന്താരാഷ്ട്ര മത്സരവേദികളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കുവൈത്തിന് റിയോ ഒളിമ്പിക്സിലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. കായിക നിയമം ഭേദഗതി ചെയ്യാമെന്ന് കുവൈത്ത് സമ്മതിച്ചിട്ടുണ്ട്. ഇതിന്‍െറ പ്രാരംഭ നടപടികളെന്ന നിലയില്‍ നിയമപരിഷ്കാരത്തെ പറ്റി പഠിക്കാന്‍ പാര്‍ലമെന്‍ററി സമിതിയെ നിയോഗിച്ചിട്ടുണ്ട്്. സമിതി വിവിധ കായിക സംഘടനകളുമായി കൂടിയാലോചിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആറുമാസത്തിനകം നിയമഭേദഗതി വരുത്തി വിലക്ക് നീക്കാനാണ് കുവൈത്ത് ശ്രമിക്കുന്നത്. എന്നാല്‍, നിയമപരിഷ്കരണം പ്രാബല്യത്തിലാവുന്നത് വരെ വിലക്ക് താല്‍ക്കാലികമായി നീക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തള്ളിയത്. ഇതുസംബന്ധിച്ച് കുവൈത്ത് കായിക വകുപ്പ് അയച്ച കത്തിന് മറുപടിയായി ഒളിമ്പിക് കമ്മിറ്റി പറയുന്നത് ഇങ്ങനെയാണ:്  
‘‘ഇപ്പോള്‍ നടപടി പുനഃപരിശോധിക്കാവുന്ന സാഹചര്യമില്ല. ഒളിമ്പിക് ചാര്‍ട്ടര്‍ അനുസരിച്ചുള്ള യോഗ്യതക്ക് നിരവധി നടപടികള്‍ കുവൈത്ത് ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്’’. 2015 ഒക്ടോബറിലാണ് ഒളിമ്പിക് കമ്മിറ്റി കുവൈത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പിരിച്ചുവിട്ട് സര്‍ക്കാറിനെ അനുകൂലിക്കുന്ന സമാന്തര കമ്മിറ്റിയെ നിയമിച്ചത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ പ്രകോപിപ്പിച്ചിരുന്നു. 
അന്താരാഷ്ട്ര ഫെഡറേഷനുകള്‍ അംഗീകരിക്കാത്ത കുവൈത്ത് ഒളിമ്പിക് കമ്മിറ്റിക്ക് ഒളിമ്പിക് എന്ന പദം ഉപയോഗിക്കാന്‍ അര്‍ഹതയില്ളെന്നും ഇതിനെതിരെ അന്താരാഷ്ട്രതലത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി ഐ.ഒ.സി കത്തയച്ചിരുന്നു. രാജ്യത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ ഐ.ഒ.സി നിലപാട് നീതീകരിക്കാനാവാത്തതാണെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണ് വിലക്കെന്നും ചൂണ്ടിക്കാട്ടി സ്വിസ് കോടതിയില്‍ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും കോടതി വിധി ഐ.ഒ.സിക്ക് അനുകൂലമായിരുന്നു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.