കുവൈത്ത് സിറ്റി: നിയമലംഘനങ്ങള്‍ പിടികൂടാന്‍ നടത്തുന്ന പരിശോധനയില്‍ വിട്ടുവീഴ്ചയുണ്ടാവില്ളെന്നും ആറു ഗവര്‍ണറേറ്റുകളിലും ശക്തമായ പരിശോധന തുടരുമെന്നും കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍ മന്‍ഫൂഹി പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസമായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ ശക്തമായ പരിശോധനയാണ് ഉണ്ടായത്. ബക്കാലകളിലും റസ്റ്റാറന്‍റുകളിലും കോഓപറേറ്റിവ് സൊസൈറ്റികളിലും ഗോഡൗണുകളിലും ഉദ്യോഗസ്ഥര്‍ കയറിയിറങ്ങി. ടണ്‍കണക്കിന് പഴകിയ ഭക്ഷ്യവസ്തുക്കളാണ് പിടികൂടി നശിപ്പിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത ഇവ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് മുഖ്യപരിഗണനയെന്നും മറ്റു വൈകാരികതകള്‍ ഇതിനിടയില്‍ നോക്കാന്‍ കഴിയില്ളെന്നും അധികൃതര്‍ അറിയിച്ചു. ശുവൈഖ്, അല്‍റായി മേഖലകളില്‍ മൂന്നുദിവസമായി നടന്ന പരിശോധനയില്‍ 34.5 ടണ്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്. 12,596 കുപ്പി വെള്ളവും പിടികൂടി.
എട്ട് ഗോഡൗണുകളും ഒരു ബക്കാലയും പൂട്ടിച്ചു. 449 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിയും മുനിസിപ്പല്‍ അധികൃതര്‍ പിടിച്ചെടുത്തതായി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതിനിടെ ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച ബോര്‍ഡുകളും മറ്റും മുനിസിപ്പല്‍ അധികൃതര്‍ നീക്കിത്തുടങ്ങി. അര്‍ദിയ ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയ കാറുകളും നീക്കി. ജലീബ് അല്‍ ശുയൂഖ്, ഹസാവി എന്നിവിടങ്ങളില്‍നിന്ന് ഒമ്പത് ട്രക്ക് നിറയെ സാധനങ്ങളാണ് കൊണ്ടുപോയത്. പഴങ്ങള്‍, പച്ചക്കറികള്‍, ഫര്‍ണിച്ചറുകള്‍, ഉപയോഗിച്ച വസ്ത്രങ്ങള്‍ എന്നിവയായിരുന്നു പൊതുസ്ഥലത്ത് തള്ളിയിരുന്നത്.
സിക്സ്ത്, സെവന്‍ത് റിങ് റോഡ് പരിസരങ്ങളില്‍നിന്ന് 12 ട്രക്ക് മാലിന്യം ദിവസങ്ങള്‍ക്കകം ശേഖരിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ സഅദ് അല്‍ ഖുറൈനിജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.