അബൂഹലീഫ: വാര്‍ത്തകളുടെ പ്രാഥമിക പാഠങ്ങള്‍ മുതല്‍ പത്ര ദൃശ്യമാധ്യമ രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍ വരെ പരിചയപ്പെടുത്തി കെ.ഐ.ജി ഈസ്റ്റ് മേഖല പ്രസ് ആൻഡ് മീഡിയ വിഭാഗം മാധ്യമ ശിൽപശാല നടത്തി. ഇതോടൊപ്പം, കുവൈത്തിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ട്രെയിനറുമായ ബിഷാറ മുസ്തഫ ഫോേട്ടാഗ്രഫിയിലും പരിശീലനം നൽകി.
ഫോട്ടോഗ്രഫിയോട് അൽപം അഭികാമ്യവും ചെറിയ ശ്രദ്ധയുമുണ്ടായാല് മികച്ച ഫോട്ടോഗ്രാഫറാകാന്‍ സാധിക്കുമെന്ന് നുറുങ്ങുവിദ്യകളിലൂടെ അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. ലോകത്തിലെ രാഷ്ട്രീയ സാമൂഹിക ചലനങ്ങളെ സ്വാധീനിക്കാന്‍ പാകത്തില്‍ മാധ്യമഭീമന്മാര് വളര്‍ന്നിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ സത്യസന്ധവും നീതിപൂര്‍വവുമായ മാധ്യമപ്രവര്‍ത്തനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത കെ.ഐ.ജി ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ് പറഞ്ഞു. ചരിത്രത്തിെൻറ ആഴങ്ങളില്‍ മണ്ണിട്ട് മൂടുമായിരുന്ന പല സംഭവങ്ങളും മാധ്യമ പ്രവര്‍ത്തകരുടെ ധീരമായ ഇടപെടല്‍ കൊണ്ടാണ് പുറംലോകമറിഞ്ഞതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.ഐ.ജി ഈസ്റ്റ് മേഖല പ്രസിഡൻറ് കെ. മൊയ്തു ചൂണ്ടിക്കാട്ടി. വാര്‍ത്താശേഖരണവും റിപ്പോര്‍ട്ടിങ്ങും എന്ന തലക്കെട്ടില്‍ എ. മുസ്തഫ, ദൃശ്യമാധ്യമരംഗത്തെ വാര്‍ത്താ പ്രക്ഷേപണത്തെയും സാങ്കേതിക സംവിധാനങ്ങളെയും പരിചയപ്പെടുത്തി മുനീര്‍ അഹ്മദ് എന്നിവർ ക്ലാസ് നയിച്ചു.
ന്യൂസ് സ്റ്റുഡിയോവിലെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും തത്സമയ സംപ്രേഷണത്തിെൻറ വിവിധ ഘട്ടങ്ങളും മൾട്ടിമീഡിയയുടെ സഹായത്തോടെ അവതരിപ്പിക്കപ്പെട്ടു. സജീവമായ ചോദ്യോത്തര സെഷനുമുണ്ടായി.
പ്രോഗ്രാം കണ്‍വീനര്‍ റഫീഖ് ബാബു ശിൽപശാലക്ക് നേതൃത്വം നല്കി. ചടങ്ങില്‍ അതിഥികള്‍ക്ക് കെ.ഐ.ജിയുടെ ഉപഹാരം കൈമാറി.
ഈസ്റ്റ് മേഖല ജനറല്‍ സെക്രട്ടറി എ.സി. സാജിദ് സ്വാഗതവും ട്രഷറര്‍ എസ്.എ.പി. ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു. കെ.എം. ഹാരിസ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.