വിദേശികള്‍ക്ക് കുവൈത്ത് മോശം  സ്ഥലമെന്ന് എച്ച്.എസ്.ബി.സി സര്‍വേ

കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളില്‍ വിദേശികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും മോശം സ്ഥലം കുവൈത്താണെന്ന് എച്ച്.എസ്.ബി.സി ബാങ്ക് സര്‍വേ. ലോകരാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ 35ാം സ്ഥാനത്താണ് സര്‍വേഫലപ്രകാരം കുവൈത്ത്. 45 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിദേശികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും നല്ല ഇടമായി തെരഞ്ഞെടുത്തിരിക്കുന്നത് സിംഗപ്പൂരിനെയാണ്. ബ്രസീലാണ് 45ാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ കുവൈത്ത് 34ാം സ്ഥാനത്തായിരുന്നു. ഇത്തവണ ഒരു റാങ്ക് പിറകോട്ടുപോയി. ജി.സി.സി രാജ്യങ്ങളില്‍ ബഹ്റൈനാണ് മുന്നില്‍. ലോകതലത്തില്‍ ബഹ്റൈന്‍ ഒമ്പതാമതാണ്. ജി.സി.സിയില്‍ യു.എ.ഇയാണ് അടുത്ത സ്ഥാനത്ത്. ഒമാന്‍, ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍. 
വിദേശികളുടെ സാമ്പത്തികനില, കുടുംബമായി ജീവിക്കുന്നവരുടെ അനുഭവങ്ങള്‍ എന്നിവയും പഠനത്തിന് വിധേയമാക്കി. സാമ്പത്തിക നിലയില്‍ ജി.സി.സി രാജ്യങ്ങളില്‍ യു.എ.ഇയാണ് മുന്നില്‍. ലോകതലത്തില്‍ ഇക്കാര്യത്തില്‍ നാലാമതാണ് യു.എ.ഇ. സാമ്പത്തിക നിലയില്‍ ജി.സി.സിയില്‍ ഖത്തര്‍ (എട്ട്), സൗദി(11), ഒമാന്‍(14), ബഹ്റൈന്‍(17) കുവൈത്ത് (22) എന്നിങ്ങനെയാണ് റാങ്ക്. ജീവിത നിലവാരം, പൊതുസമൂഹവുമായുള്ള ഇടപെടല്‍, സാമ്പത്തിക സ്ഥിതി, ഫാമിലി സ്റ്റാറ്റസ്, ജോലി സ്ഥിരത തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രമുഖ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ‘ഇന്‍റര്‍ നാഷന്‍സ്’ കഴിഞ്ഞ മാസം പുറത്തുവിട്ട സര്‍വേഫലത്തില്‍ കുവൈത്ത് ഏറ്റവും പിന്നിലായിരുന്നു. 
തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് കുവൈത്തിനെ മോശപ്പെടുത്തിക്കൊണ്ട് ഈ സ്ഥാപനം പട്ടിക പുറത്തുവിട്ടത്. ‘ഇന്‍റര്‍ നാഷന്‍സ്’ റിപ്പോര്‍ട്ടിനെ അസംബന്ധമെന്ന് വിശേഷിപ്പിച്ച് തൊഴില്‍ സമൂഹികക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹും രംഗത്തുവന്നു. രാജ്യത്ത് തൊഴില്‍ തേടിയത്തെുന്ന വിദേശികളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുകയാണെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യങ്ങള്‍ അവര്‍ക്ക് ഒരുക്കിക്കൊടുക്കുന്നതിന് രാജ്യം ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞ സബീഹ് എന്തു മാനദണ്ഡപ്രകാരമാണ് പട്ടിക തയാറാക്കിയതെന്ന് അറിയില്ളെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.