അണമുറിയാത്ത പോരാട്ടത്തിനൊടുവില്‍  കുവൈത്ത് സോക്കറിന് ജയം

കുവൈത്ത് സിറ്റി: പുല്‍മൈതാനത്തെ പുളകം കൊള്ളിച്ച പോരിനൊടുവില്‍ ജയിച്ചത് സോക്കര്‍ അഥവാ ഫുട്ബാള്‍ എന്ന കളിയായിരുന്നു. അത്രക്കുണ്ടായിരുന്നു ആവേശം. ആവേശത്തിരയിളക്കിയ കുവൈത്ത് സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ അല്‍ ഖാദിസിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് കുവൈത്ത് സോക്കര്‍ ക്ളബ് വിജയികളായി.
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. സൗജന്യ പ്രവേശം അനുവദിച്ചിരുന്നതിനാല്‍ ശൈഖ് ജാബിര്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. 
മത്സരം തുടങ്ങുന്നതിന് ഏറെ മുമ്പുതന്നെ ആളുകള്‍ സ്റ്റേഡിയത്തില്‍ ഇരിപ്പിടമുറപ്പിച്ചിരുന്നു. ആരെയും നിരാശരാക്കാത്ത ഉജ്ജ്വല പോരാട്ടമാണ് കഴിഞ്ഞ സീസണില്‍ അമീരി കപ്പ് ജേതാക്കളായ കുവൈത്ത് സോക്കര്‍ ക്ളബും പ്രീമിയര്‍ ലീഗ് ജേതാക്കളായ അല്‍ ഖാദിസിയയും കാഴ്ചവെച്ചത്. ആക്രമണ ഫുട്ബാളിന്‍െറ ചന്തവും ചാരുതയും സമ്മേളിച്ച അസ്സല്‍ കളിതന്നെ ഇരുടീമുകളും കാഴ്ചവെച്ചപ്പോള്‍ കാണികള്‍ക്ക് മനസ്സുനിറഞ്ഞു. കളി തുടങ്ങിയപ്പോള്‍ തന്നെ മധ്യനിര എണ്ണയിട്ട യന്ത്രം കണക്കെ ചലിച്ചപ്പോള്‍ പന്ത് ഇരുവശത്തേക്കും കയറിയിറങ്ങി. സ്ട്രൈക്കര്‍മാരും ഉണര്‍ന്നുകളിച്ചപ്പോള്‍ പ്രതിരോധ നിരക്ക് പണികൂടി. 13ാം മിനിറ്റില്‍ ഗോള്‍ നേടി ഖാദിസിയയാണ് ആദ്യം മുന്നിലത്തെിയത്. പെനാല്‍റ്റിയിലൂടെ അല്‍ മുത്വയാണ് ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കും വരെ ഈ ലീഡ് കൈവിട്ടില്ല. രണ്ടാം പകുതിയില്‍ രണ്ടും കല്‍പിച്ചിറങ്ങിയ സോക്കര്‍ താരങ്ങള്‍ അതിനുള്ള ഫലവും നേടിയെടുത്തു. 
57ാം മിനിറ്റില്‍ അല്‍ ബുറൈകിയിലൂടെ സമനില പിടിച്ച സോക്കര്‍ ക്ളബ് ഞെട്ടല്‍ മാറുംമുമ്പ് ഖാദിസിയ വലയില്‍ വീണ്ടും പന്തത്തെിച്ചു. 63ാം മിനിറ്റില്‍ അല്‍ ഹജ്രിയാണ് ഗോള്‍ നേടിയത്. ഇതോടെ ഉണര്‍ന്നുകളിച്ച ഖാദിസിയ പത്തുമിനിറ്റിനകം അല്‍ നവയ്ഷയിലൂടെ സമനില പിടിച്ചു. 
കളി നിശ്ചിത സമയം പൂര്‍ത്തിയാകുമ്പോഴും ആര്‍ക്കും വിജയം കണ്ടത്തൊനാവാത്തതിനാല്‍ ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-2നാണ് കുവൈത്ത് സോക്കര്‍ ക്ളബ് വിജയികളായത്. രാജ്യത്തെ ഫുട്ബാള്‍ സീസണിന്‍െറ ഒൗദ്യേഗിക ഉദ്ഘാടനമായി കണക്കാക്കുന്നതാണ് കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്‍ (കെ.എഫ്.എ) ആഭിമുഖ്യത്തില്‍ നടക്കുന്ന സൂപ്പര്‍ കപ്പ് പോരാട്ടം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.