ഓഡിറ്റോറിയം നല്‍കുന്നതിന് ഇന്ത്യന്‍ എംബസി പുതിയ  നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു 

കുവൈത്ത് സിറ്റി: പ്രവാസി സംഘടനകളുടെ പരിപാടികള്‍ക്ക് ഓഡിറ്റോറിയം വിട്ടുനല്‍കുന്നതിന് കുവൈത്തിലെ ഇന്ത്യന്‍ എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രണ്ടാഴ്ച മുമ്പ് ബുക് ചെയ്യുന്ന രജിസ്ട്രേഡ് സംഘടനകള്‍ക്ക് മാത്രമാണ് പരിപാടികള്‍ നടത്താന്‍ ഓഡിറ്റോറിയം അനുവദിക്കുക. ഭക്ഷണത്തോടെയുള്ള പരിപാടിക്ക് നാലുമണിക്കൂര്‍ ഓഡിറ്റോറിയം ഉപയോഗിക്കുന്നതിന് 350 ദീനാറാണ് വാടക. 
ഭക്ഷണവിതരണം ഇല്ളെങ്കില്‍ 300 ദീനാര്‍ നല്‍കിയാല്‍ മതി. ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ളത്. ഓഡിറ്റോറിയം അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കുന്ന മുറക്ക് ഫീസ് പണമായി എംബസിയില്‍ അടക്കണം. അനുവദിച്ചശേഷം ബുക് ചെയ്തവര്‍ പരിപാടി റദ്ദാക്കുകയാണെങ്കില്‍ ഫീസ് തിരികെ നല്‍കില്ല. അതേസമയം, എംബസിയുടെ ഭാഗത്തുനിന്നുള്ള കാരണത്താല്‍ ഓഡിറ്റോറിയം ഉപയോഗിക്കാന്‍ സാധിക്കാതെവരുന്ന സാഹചര്യത്തില്‍ മുഴുവന്‍ പണവും തിരികെ നല്‍കും. 250 പേരെ ഉള്‍ക്കൊള്ളുന്നതാണ് എംബസി കാര്യാലയത്തിനുള്ളിലെ ഓഡിറ്റോറിയം. അംബാസഡര്‍ സുനില്‍ ജെയിന്‍ ചുമതലയേറ്റതു മുതലാണ്  സംഘടനാ പരിപാടികള്‍ക്ക് ഹാള്‍ വാടകക്ക് നല്‍കിത്തുടങ്ങിയത്. കലാസാംസ്കാരിക വൈജ്ഞാനിക പരിപാടികള്‍ക്കായി എംബസി ഓഡിറ്റോറിയം ആവശ്യമുള്ള സംഘടനകള്‍ പരിപാടിക്ക് രണ്ടാഴ്ചമുമ്പ് എംബസി ഉദ്യോഗസ്ഥരായ യശ്വന്ത് ചപ്തലിവാര്‍, കെ.എസ്.എസ് നായിഡു എന്നിവരില്‍ ആരെങ്കിലുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 97229915, 65668644.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.