വിദ്യാലയങ്ങളും ഗവ. സ്ഥാപനങ്ങളും  നാളെ തുറക്കും 

കുവൈത്ത് സിറ്റി: മാസങ്ങള്‍ നീണ്ട മധ്യവേനലവധിക്കു ശേഷം സര്‍ക്കാര്‍ സ്കൂളുകളും ഒമ്പതുദിവസത്തെ ബലിപെരുന്നാള്‍ അവധിക്കുശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളും ഞായറാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങും. ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെ സ്വകാര്യമേഖലയിലെ ചില വിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സ്കൂളുകളിലും വിവിധ അറബ് സ്കൂളുകളിലും ഒൗദ്യോഗികമായി ഈവര്‍ഷത്തെ അധ്യയനവര്‍ഷം ആരംഭിക്കുന്നത് ഞായറാഴ്ചയാണ്. 
അധ്യയനവര്‍ഷാരംഭത്തിന്‍െറ മുന്നോടിയായി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സ്കൂളുകള്‍ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ക്ളാസ്മുറികളിലെ കേടുവന്ന ഫര്‍ണിച്ചറും എ.സിയും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഏകദേശം പൂര്‍ത്തിയായി. എല്ലാ വിദ്യാലയങ്ങളിലും ജലത്തിന്‍െറയും വൈദ്യുതിയുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ, പുതിയ അധ്യയനവര്‍ഷത്തിന്‍െറ മുന്നോടിയായി തയാറെടുപ്പുകള്‍ പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ ഈസ വെള്ളിയാഴ്ച മുബാറക് അല്‍ കബീറിലെ വിവിധ സ്കൂളുകള്‍ സന്ദര്‍ശിച്ചു. 
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തൃപ്തികരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഒമ്പതുദിവസത്തെ ബലിപെരുന്നാള്‍ അവധിക്കുശേഷം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഞായറാഴ്ച മുതല്‍ വീണ്ടും സജീവമാകും. പെരുന്നാള്‍ അവധിക്കായി ഈമാസം എട്ടിന് ബുധനാഴ്ചയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിരുന്നത്. പെരുന്നാള്‍ അവധി മറ്റ് നാടുകളില്‍ ചെലവഴിക്കാന്‍ പോയ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ മിക്കവരും ശനിയാഴ്ചയോടെ തിരിച്ചത്തെിയേക്കും. അതേസമയം, ഇടവേളക്കുശേഷം വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ ഗതാഗതക്കുരുക്ക് വര്‍ധിക്കും. അതിരാവിലെ വിദ്യാര്‍ഥികളെയുമായി സ്കൂളുകളിലേക്ക് പോകുന്ന വാഹനങ്ങളും ഓഫിസ് ജീവനക്കാരുടെ വാഹനങ്ങളും ഒരുമിച്ചിറങ്ങുന്നതോടെ റോഡുകളില്‍ തിരക്ക് വര്‍ധിക്കും. സ്കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും ഒരുമിച്ച് അടക്കുന്നതോടെ ഉച്ചക്കും റോഡുകളില്‍ വന്‍ തിരക്കുണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.