മുസ്ലിംകളെ മാത്രം ക്ഷണിച്ച് ഇന്ത്യന്‍ എംബസിയില്‍  ഇഫ്താര്‍ നടത്തിയത് വിവാദമാവുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ മുസ്ലിംകളെ മാത്രം ക്ഷണിച്ച് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത് വിവാദത്തിലേക്ക്. മുമ്പൊരിക്കലുമില്ലാത്തവിധം കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിലെ മുസ്ലിം പ്രമുഖരെ മാത്രം ക്ഷണിച്ചാണ് വ്യാഴാഴ്ച എംബസി സമുച്ചയത്തിലെ ഇന്ത്യാ ഹൗസില്‍ ഇഫ്താര്‍ സംഗമം നടത്തിയത്. 
ആദ്യമായാണ് ഒരു വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് എംബസിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. സാധാരണ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരെയെല്ലാം ക്ഷണിച്ചാണ് ഇഫ്താര്‍ നടത്താറുള്ളത്. ചില വര്‍ഷം ആളുകളുടെ എണ്ണം കുറക്കാനായി ക്ഷണിക്കുന്നവരുടെ എണ്ണം പരിമിതിപ്പെടുത്താറുണ്ടെങ്കിലും മുസ്ലിംകളെ മാത്രം ഇഫ്താറിന് ക്ഷണിക്കുന്ന പതിവില്ല. 
സംഗമത്തിനത്തെിയ മിക്കവര്‍ക്കും മുസ്ലിംകളെ മാത്രമാണ് ക്ഷണിച്ചത് എന്ന അറിവില്ലായിരുന്നു. അംബാസഡറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇങ്ങനെ തരംതിരിച്ച് ആളുകളെ ക്ഷണിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. സമീപകാലത്തായി ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളിലും സമീപനങ്ങളിലും വന്ന മാറ്റമാണ് ഇത്തരത്തില്‍ വേര്‍തിരിച്ചുള്ള ഇഫ്താര്‍ സംഗമം നടത്തുന്നതിലേക്കത്തെിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പല വിഷയങ്ങളിലും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അടുത്തിടെ ഇന്ത്യയില്‍നിന്നുള്ള പടക്കപ്പലുകള്‍ കുവൈത്ത് സന്ദര്‍ശനത്തിനത്തെിയപ്പോള്‍ കപ്പലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പതിവില്‍നിന്ന് വ്യത്യസ്തമായി കുറച്ച് മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് ക്ഷണിച്ചത്. സുരക്ഷാപ്രശ്നമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. 
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ഇഫ്താര്‍ സംഗമങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയതിന്‍െറ ഭാഗമായി കുവൈത്ത് ഇന്ത്യന്‍ എംബസിയിലും ഇഫ്താര്‍ നടന്നിരുന്നില്ല. കഴിഞ്ഞവര്‍ഷം ഇഫ്താര്‍ സംഗമമുണ്ടായെങ്കിലും പതിവില്‍നിന്ന് വ്യത്യസ്തമായി സസ്യഭക്ഷണം മാത്രം വിളമ്പിയതും ആക്ഷേപത്തിനിടയാക്കിയിരുന്നു. അതിനുപിന്നാലെയാണിപ്പോള്‍ മുസ്ലിംകളെ മാത്രം ക്ഷണിച്ചുകൊണ്ടുള്ള ഇഫ്താറിലൂടെ എംബസി പുതിയ കീഴ്വഴക്കത്തിന് തുടക്കമിട്ടിരിക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.