കുവൈത്ത് ജനസംഖ്യ 42,39,006; വിദേശികള്‍ 29,31,401

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികളെ അപേക്ഷിച്ച് വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധയുണ്ടായതായി റിപ്പോര്‍ട്ട്. 2105 അവസാനിച്ചപ്പോഴുള്ള പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍െറ കണക്കുപ്രകാരം സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നിലവില്‍ കുവൈത്തിലെ ജനസംഖ്യ 42,39,006 ആണ്. ഇതില്‍ 13,07,605 പേര്‍ മാത്രമാണ് സ്വദേശികള്‍. 29,31,401 പേര്‍ വിദേശികളാണ്.
വിദേശികളില്‍ ഏഷ്യക്കാരാണ് ഏറ്റവും കൂടുതല്‍; 16,58,208. അറബ് വംശജര്‍ 11,77,539, ആഫ്രിക്കക്കാര്‍ 56,084, ലാറ്റിനമേരിക്കക്കാര്‍ 20,387, യൂറോപ്യന്മാര്‍ 18,898, ആസ്ട്രേലിയക്കാര്‍ 1,661, വടക്കേ അമേരിക്കക്കാര്‍ 1,624 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്. ഇതില്‍ എട്ടര ലക്ഷത്തിലേറെ പേരുമായി ഇന്ത്യക്കാരാണ് ഏറ്റവും വലിയ പ്രവാസി സമൂഹം. ഏഴു ലക്ഷത്തിലേറെ വരുന്ന ഈജിപ്തുകാര്‍ രണ്ടാമതും അഞ്ചു ലക്ഷത്തില്‍ കൂടുതലുള്ള ബംഗ്ളാദേശുകാര്‍ മൂന്നാമതുമാണ്. വിദേശികളുടെ തോത് 69 ശതമാനവും സ്വദേശികളുടേത് 31 ശതമാനവുമാണ്. ഇതിന്‍െറ തുടര്‍പ്രതിഫലനമായി രാജ്യത്തെ തൊഴില്‍ മേഖലയില്‍ 81 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നത് വിദേശികളാണെന്നതാണ് മറ്റൊരു വസ്തുത.
മൊത്തം 18,05,507 ആണ് രാജ്യത്ത് തൊഴിലെടുക്കുന്ന സ്വദേശികളും വിദേശികളുമടക്കമുള്ളവരുടെ എണ്ണം. ഇതില്‍ രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുപ്രകാരം കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലുമായി 4,55,228 ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. രണ്ടാം സ്ഥാനത്ത് ഈജിപ്തുകാരാണ്. 4,19,088 ഈജിപ്തുകാരാണ് ഇവിടെ ജോലി ചെയ്തുവരുന്നത്. ഈ രംഗത്ത് മൂന്നാം സ്ഥാനമാണ് സ്വദേശികള്‍ക്കുള്ളത്. സ്വന്തം നാട്ടുകാരായി 3,42,417 പേര്‍ മാത്രമാണ് രാജ്യത്തെ തൊഴില്‍ വിപണിയിലുള്ളത്. ബംഗ്ളാദേശ് (1,38,111), പാകിസ്താന്‍ (92,136), ഫിലിപ്പീന്‍സ് (72,369), സിറിയ (63,875), നേപ്പാള്‍ (39,322), ഇറാന്‍ (26,941), ശ്രീലങ്ക (24,373) എന്നിങ്ങനെയാണ് രാജ്യത്തെ തൊഴില്‍ വിപണിയില്‍ കൂടുതലുള്ള രാജ്യക്കാരുടെ കണക്ക്.
തൊഴില്‍ വിപണിയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ ഇന്ത്യ, ഈജിപ്ത്, കുവൈത്ത് എന്നീ രാജ്യക്കാരുടെ തോത് യഥാക്രമം 24, 23, 19 ശതമാനമാണ്. രാജ്യത്തുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 6,09,936 ആണ്. 2,69,102 പേരുമായി ഇന്ത്യക്കാരാണ് ഈ വിഭാഗത്തിലും കൂടുതല്‍. ഫിലിപ്പീന്‍സ് (1,15,767), ശ്രീലങ്ക (78,009), ബംഗ്ളാദേശ് (53,627),  ഇത്യോപ്യ (46,823), നേപ്പാള്‍ (21,770), ഇന്തോനേഷ്യ (8,906), ഘാന (4,633), പാകിസ്താന്‍ (1,988), മഡഗാസ്കര്‍ (1,976), മറ്റുള്ളവര്‍ (7,325) എന്നിങ്ങനെയാണ് കണക്ക്. ആഭ്യന്തര മന്ത്രാലയം, സിവില്‍ സര്‍വിസ് കമ്മീഷന്‍, പബ്ളിക് അതോറിറ്റി ഓഫ് സോഷ്യല്‍ സെക്യൂരിറ്റി, മാന്‍പവര്‍ ആന്‍ഡ് ഗവണ്‍മെന്‍റ് റീസ്ട്രക്ചറിങ് പ്രോഗ്രാം, പസെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ, പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുടെ സഹകരണത്തോടെ പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനാണ് ഈ കണക്കുകള്‍ തയാറാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.