പുണ്യദിനങ്ങള്‍ക്ക് വിട;  ഇന്ന് ചെറിയ പെരുന്നാള്‍

കുവൈത്ത് സിറ്റി: വ്രതവിശുദ്ധിയുടെ പകലിരവുകള്‍ക്ക് വിട നല്‍കി വിശ്വാസികള്‍ ഈദുല്‍ ഫിത്റിന്‍െറ സന്തോഷത്തിലേക്ക്. പകല്‍ മുഴുവന്‍ നീളുന്ന വ്രതാനുഷ്ഠാനവും രാവ് പകലാക്കുന്ന രാത്രി നമസ്കാരവും ഖുര്‍ആന്‍ പാരായണവും നല്‍കിയ ആത്മീയബലത്തിന്‍െറ കരുത്തില്‍ രാജ്യത്തെ ആബാലവൃദ്ധം വിശ്വാസികള്‍ ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നു. റമദാന്‍ 29ാം ദിവസമായ തിങ്കളാഴ്ച മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് മാസപ്പിറ നിര്‍ണയസമിതി പ്രഖ്യാപിച്ചത്. 
ഇന്നലെ  സ്വദേശികളും വിദേശികളും പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ഷോപ്പിങ് മാളുകളിലേക്കും വിവിധയിടങ്ങളിലെ സൂഖുകളിലേക്കും മാര്‍ക്കറ്റുകളിലേക്കും ജനം ഒഴുകി. മാംസ, മത്സ്യക്കടകളിലും തിരക്കേറി. പെരുന്നാള്‍ ദിനത്തില്‍ രാജ്യത്തെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും. ഇത്തവണ ഈദ്ഗാഹിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ പള്ളികളില്‍ മാത്രമാണ് നമസ്കാരം. മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരമുണ്ടാവും.
 5.10നാണ് നമസ്കാരം. പള്ളികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഫിത്ര്‍ സകാത്ത് ശേഖരണവും സജീവമാണ്. പ്രാദേശികമായുള്ള ഫിത്ര്‍ സകാത്ത് വിതരണത്തിനുപുറമെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന വിശ്വാസികള്‍ക്ക് ഇതിന്‍െറ വിഹിതം എത്തിക്കാനുള്ള ഏര്‍പ്പാടുകളും വിവിധ സംഘങ്ങള്‍ ചെയ്യുന്നുണ്ട്.
 മലയാളി സംഘടനകളും ഫിത്ര്‍ സകത്ത് ശേഖരണത്തിനും വിതരണത്തിനും വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്. പെരുന്നാള്‍ ദിനത്തിലും പിറ്റേന്നുമൊക്കെയായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഈദ് സംഗമങ്ങളും കൂട്ടായ്മകളും അരങ്ങേറുന്നുണ്ട്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.