ദേശസ്നേഹത്തിന്‍െറ നിറവില്‍ കുവൈത്ത് പ്രവാസികള്‍ക്ക്​ റിപ്പബ്ളിക് ദിനാഘോഷം

കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്കൊപ്പം കുവൈത്തിലെ പ്രവാസി ഭാരതീയരും 67ാമത് റിപ്പബ്ളിക്ദിനാഘോഷം ആഹ്ളാദപൂര്‍വം കൊണ്ടാടി. ആഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ദേശീയപതാക ഉയര്‍ത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ളിക് ദിനസന്ദേശം അദ്ദേഹം വായിച്ചു. 
ദേശസ്നേഹം അലയടിച്ച ചടങ്ങില്‍ സംബന്ധിക്കാന്‍ സമൂഹത്തിന്‍െറ വിവിധതുറകളില്‍പ്പെട്ട നിരവധിപേര്‍ എംബസി അങ്കണത്തില്‍ തടിച്ചുകൂടിയിരുന്നു. ദേശീയ പതാകയുടെ നിറങ്ങള്‍ അണിഞ്ഞും ചെറുകൊടികള്‍ കൈയിലേന്തിയും എത്തിയവരാല്‍ എംബസി മുറ്റം നിറഞ്ഞു. ബോറ കമ്യൂണിറ്റി മുഹമ്മദി സ്കൗട്ട് ബാന്‍ഡിന്‍െറ സല്യൂട്ട് അംബാസഡര്‍ സ്വീകരിച്ചതോടെ വിവിധ കലാപരിപാടികള്‍ക്ക് തുടക്കമായി. കുവൈത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെയും വിവിധ സംഘടനകളുടെയും ദേശഭക്തി മുറ്റിനിന്ന സംഗീത, നൃത്ത 
പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍, വ്യവസായികള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, മറ്റ് പ്രഫഷനലുകള്‍, ഗാര്‍ഹിക ജോലിക്കാര്‍ തുടങ്ങി വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരാണ് ചടങ്ങിനത്തെിയത്. 
കുവൈത്തിലുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും സ്വദേശികള്‍ക്കും ആംശസനേര്‍ന്ന അംബാസഡര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ടുപോവുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. വ്യാപാരവും വിദേശകാര്യവുമടക്കം എല്ലാ മേഖലകളിലും ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണത്തിന് അദ്ദേഹം കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനും കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനും പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹിനും കൃതജ്ഞത രേഖപ്പെടുത്തി. 
കുവൈത്തിലെ നിയമങ്ങള്‍ പാലിക്കാന്‍ ഓരോ ഇന്ത്യക്കാരനും 
ബാധ്യസ്ഥനാണെന്നും ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എംബസി ഏതുസമയവും തയാറാണെന്നും അംബാസഡര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാശിഷ് ഗോള്‍ഡര്‍, ഫസ്റ്റ് സെക്രട്ടറി കെ.കെ. പഹല്‍, സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.