ഹലാ ഫെബ്രുവരി ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുതല്‍; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കുവൈത്ത് സിറ്റി: രാജ്യത്തെ വസന്തോത്സവമായ ഹലാ ഫെബ്രുവരി ഫെസ്റ്റിവലിന്‍െറ 17ാമത് പതിപ്പിന് വ്യാഴാഴ്ച കൊടിയേറാനിരിക്കെ തയാറെടുപ്പുകള്‍ അവസാനഘട്ടത്തിലെന്ന് സംഘാടക സമിതി മീഡിയ സമിതി ചെയര്‍മാന്‍ വലീദ് അല്‍സബഖി അറിയിച്ചു. അസ്സബാഹിന്‍െറ അധികാരാരോഹണത്തിന്‍െറ 10ാം വാര്‍ഷികവും ഇറാഖി അധിനിവേശത്തില്‍നിന്നുള്ള മോചനത്തിന്‍െറ 25ാം വാര്‍ഷികവും 55ാം ദേശീയദിനവും ആഘോഷിക്കുന്ന വേളയിലാണ് ഹലാ ഫെബ്രുവരി ഉത്സവമത്തെുന്നത് എന്നത് ഫെസ്റ്റിവലിന്‍െറ മാറ്റുകൂട്ടുന്നു. 
അതിനാല്‍തന്നെ, വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കാവും ഇത്തവണ ഫെസ്റ്റിവല്‍ സാക്ഷ്യംവഹിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തിന്‍െറ വസന്തോത്സവമായി അറിയപ്പെടുന്ന ഹലാ ഉത്സവം എല്ലാ വര്‍ഷവും ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് അരങ്ങേറുന്നത്. രാജ്യത്തെ ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണര്‍വേകുന്ന ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ സുപ്രധാന പരിപാടികള്‍ മിക്കതും കുവൈത്ത് സിറ്റി, സാല്‍മിയ ഭാഗങ്ങളിലായാണ് നടക്കുക. ഗ്രീന്‍ ഐലന്‍ഡില്‍ നിരവധി പരിപാടികള്‍ അരങ്ങേറും. വൈകുന്നേരങ്ങളില്‍ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളില്‍ കലാ, വിനോദ പരിപാടികള്‍ നടക്കും. പരമ്പരാഗത വേഷങ്ങളിലുള്ള നര്‍ത്തകരും കലാകാരന്മാരും ഈ ദിവസങ്ങളില്‍ റോഡുകള്‍ കൈയടക്കും. പ്രാദേശികമായി വിവിധ കായികമത്സരങ്ങളും ഉത്സവത്തോടനുബന്ധിച്ച് നടക്കും. അടുത്തമാസം 24 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ലബനീസ് ഗായിക ഫൈറൂസ് ഉദ്ഘാടനത്തിനോ സമാപന ചടങ്ങിനോ മാറ്റുകൂട്ടാനുണ്ടാവും. കൂടാതെ, സാദ് അല്‍മുര്‍ജിദ്, ശബ് ഖാലിദ്, ഹുസൈന്‍ അല്‍ജസ്മി, നബീല്‍ സുഹൈല്‍, അബാദി ജൗഹര്‍, അഹ്ലാം, ഫഹദ് അല്‍ഖുബൈസി, ഷിറീന്‍ അബ്ദുല്‍ വഹാബ്, അസ്ല അന്‍സാരി, വാഇല്‍ ജസ്സാര്‍, താമിര്‍ ഹുസ്നി, ഷമ്മ ഹംദാന്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.