100 ബില്യന്‍ ഡോളര്‍ ആസ്തിയില്‍  പുതിയ കരുതല്‍ശേഖരത്തിന് നീക്കം

കുവൈത്ത് സിറ്റി: എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്‍െറ സാമ്പത്തിക ഭദ്രതക്കുമേല്‍ ചോദ്യചിഹ്നമുയരവെ, ഭാവി സുരക്ഷിതമാക്കാന്‍ പുതിയ കരുതല്‍ ശേഖരം തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിലുള്ള കരുതല്‍ ശേഖരം (ഫ്യൂച്ചര്‍ ജനറേഷന്‍ ഫണ്ട്) കൂടാതെ പുതിയ ഒന്നുകൂടി ആരംഭിക്കാനാണ് നീക്കം. കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ (കെ.ഐ.എ) മേല്‍നോട്ടത്തിലുള്ള നിലവിലെ കരുതല്‍ ശേഖരത്തിന്‍െറ ഭാഗമായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 50,000 കോടി ഡോളറിന്‍െറ ആസ്തിയുണ്ട്. എന്നാല്‍, കുവൈത്തില്‍ കാര്യമായ ആസ്തിയൊന്നും ഇതിന്‍െറ ഭാഗമായി ഇല്ല. 
ഇത് പരിഹരിക്കാനാണ് പുതിയ കരുതല്‍ ശേഖരം തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രദേശികമായി കൂടുതല്‍ ആസ്തി വാങ്ങിക്കൂട്ടുകയും പുതിയ കമ്പനികളില്‍ ഓഹരി വാങ്ങുകയും ജല, വൈദ്യുതിനിലയ  നിര്‍മാണങ്ങളില്‍ പങ്കാളികളാവുകയുമൊക്കെ ചെയ്ത് പുതിയ കരുതല്‍ ശേഖരം ശക്തിപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ കരുതല്‍ ശേഖരങ്ങളിലൊന്നാണ് കുവൈത്തിന്‍േറത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും അമേരിക്കയിലും ചൈനയിലുമൊക്കെ കരുതല്‍ ശേഖരത്തില്‍നിന്നുള്ള നിക്ഷേപങ്ങളുണ്ട്. എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തിലും രാജ്യത്തിന് താങ്ങായിനില്‍ക്കുന്നത് ഈ കരുതല്‍ ശേഖരമാണ്. എണ്ണ വില്‍പനയില്‍നിന്ന് ലഭിക്കുന്ന വന്‍വരുമാനത്തില്‍നിന്നുള്ള ഒരുഭാഗം ഭാവി തലമുറക്കായി നിക്ഷേപിക്കുന്നതിനാണ് കുവൈത്ത് സര്‍ക്കാര്‍ ഇത് തുടങ്ങിയത്. നേരത്തേ നിക്ഷേപിക്കാറുണ്ടായിരുന്ന വരുമാനത്തിന്‍െറ 10 ശതമാനം വരുമാനം കൂടിയതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് 25 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. വരുമാനം കുറയുന്ന പശ്ചാത്തലത്തില്‍ ഇത് 10 ശതമാനത്തിലേക്ക് തന്നെ 
കുറക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ, ശേഖരത്തില്‍ കുറവുവരുമെന്ന അവസ്ഥയിലാണ് പുതിയ കരുതല്‍ശേഖരം തുടങ്ങാനുള്ള പദ്ധതി തയാറാവുന്നത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.