ചര്‍ച്ച് നിര്‍മാണം: സ്ഥലം നല്‍കുമെന്ന് മുനിസിപ്പാലിറ്റി; എതിര്‍പ്പുമായി എം.പിമാര്‍

കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ ചര്‍ച്ചുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജി. അഹ്മദ് അല്‍മന്‍ഫൂഹി. ലഭിച്ച അപേക്ഷകള്‍ മുനിസിപ്പാലിറ്റി അംഗീകരിച്ചതായും സ്ഥലം അനുവദിക്കുന്നതിന്‍െറ മറ്റു നടപടിക്രമങ്ങള്‍ മുനിസിപ്പല്‍ കൗണ്‍സിലാണ് സ്വീകരിക്കേണ്ടതെന്നും അടുത്തിടെ ചുമതലയേറ്റ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൗണ്‍സില്‍ വിശദമായ പഠനം നടത്തിയശേഷം ഒൗഖാഫ് മന്ത്രാലയത്തില്‍നിന്നടക്കമുള്ള അനുമതിക്കുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവൂ എന്നും മന്‍ഫൂഹി വ്യക്തമാക്കി. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറലിന്‍െറ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് കുവൈത്ത് (എന്‍.ഇ.സി.കെ) ചെയര്‍മാന്‍ റവ. ഇമ്മാനുവല്‍ ബെഞ്ചമിന്‍ ഗരീബ് മുനിസിപ്പല്‍ കൗണ്‍സിലിന്‍െറ അംഗീകാരം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂട്ടിച്ചേര്‍ത്തു. 
രാജ്യത്ത് ക്രിസ്തുമതവിശ്വാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണെന്നും അവരെ ഉള്‍ക്കൊള്ളാന്‍ നിലവിലെ ചര്‍ച്ചുകളില്‍ സ്ഥലമില്ളെന്നും അതിനാല്‍, പുതിയ ചര്‍ച്ചുകള്‍ നിര്‍മിക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം, രാജ്യത്ത് പുതിയ ചര്‍ച്ചുകള്‍ പണിയുന്നത് നിയമവിരുദ്ധമാണെന്നും അതിനെ എതിര്‍ക്കുമെന്നും പാര്‍ലമെന്‍റ് അംഗം അഹ്മദ് അല്‍അസ്മി വ്യക്തമാക്കി. കുവൈത്തിന്‍െറ ഒൗദ്യോഗിക മതം ഇസ്ലാമാണെന്നും മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ നിയമം അനുവദിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ഒൗഖാഫ് മന്ത്രാലയം ചര്‍ച്ച് നിര്‍മാണത്തിന് എതിരാണെന്നും അതിനാല്‍തന്നെ അനുമതി ലഭിക്കാന്‍ സാധ്യതയില്ളെന്നും മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം മാനി അല്‍അജ്മി അഭിപ്രായപ്പെട്ടു. 
വിഷയം ഇതുവരെ മുനിസിപ്പല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തിട്ടില്ളെന്നും അതിനാല്‍തന്നെ ഇപ്പോള്‍ ഒന്നും പറയാനാവില്ളെന്നും അംഗം ഹസന്‍ കമാല്‍ പറഞ്ഞു. കൗണ്‍സിലിലെ ഭൂരിഭാഗം പേരും ഇതിന് അനുകൂലമല്ളെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഈ തരത്തിലുള്ള അപേക്ഷ കമ്മിറ്റിക്ക് മുന്നിലത്തെിയിട്ടില്ളെന്ന് ടെക്നിക്കല്‍ കമ്മിറ്റി അംഗം ഫഹദ് അല്‍സാനിഅ് അറിയിച്ചു. രാജ്യത്ത് സ്വദേശികളായ ക്രിസ്തുമതവിശ്വാസികളുടെ എണ്ണം 200 മാത്രമാണെങ്കിലും വിദേശികളായ അഞ്ചു ലക്ഷത്തോളം ക്രിസ്ത്യാനികള്‍ കുവൈത്തിലുണ്ടെന്നാണ് കണക്ക്. 
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി ചര്‍ച്ചുകള്‍ ഉണ്ടെങ്കിലും വിശ്വാസികളില്‍ ഭൂരിഭാഗവും വാടകക്കെട്ടിടങ്ങളിലും മറ്റും നടക്കുന്ന താല്‍ക്കാലിക പള്ളികളെയാണ് ഉപയോഗപ്പെടുത്തു
ന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.