എണ്ണവിലത്തകര്‍ച്ച: സാമ്പത്തിക അച്ചടക്ക നടപടി അനിവാര്യം – കുവൈത്ത് ധനമന്ത്രി

കുവൈത്ത് സിറ്റി: ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സാമ്പത്തിക അച്ചടക്കം നിലനിര്‍ത്താനാവശ്യമായ നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ധനമന്ത്രി അനസ് സാലിഹ് വ്യക്തമാക്കി. പൊതുസേവന നിരക്ക് കൂട്ടുകയും പൊതുചെലവ് കുറക്കുകയും ചെയ്ത് മാത്രമേ ഇത് നടപ്പാക്കാനാവൂ എന്നും എണ്ണ മന്ത്രാലയത്തിന്‍െറ ചുമതലകൂടിയുള്ള മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന്‍െറ ഭാഗമായി വിവിധയിനം നികുതികള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആദായ നികുതി, കോര്‍പറേറ്റ് നികുതി, വില്‍പന നികുതി എന്നിവയെല്ലാം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ചുവരികയാണ്. ഇതോടൊപ്പം, അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുകയും സേവനങ്ങളുടെ നിരക്കുയര്‍ത്തുകയും വേണം. ഇത് ജനങ്ങളെ ബാധിക്കാത്തവിധം എങ്ങനെ നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് -അനസ് സാലിഹ് പറഞ്ഞു. എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൊതുചെലവുകള്‍ കുറക്കുന്നതിന്‍െറ ഭാഗമായി ഭരണതലത്തില്‍ ചെലവുചുരുക്കുന്നതിന് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് കഴിഞ്ഞദിവസം പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ ആദ്യപടിയായി ഭരണകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്ന അമീരി ദിവാന്‍െറ സാമ്പത്തിക ബജറ്റ് വിഹിതം കുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനായിരുന്നു നിര്‍ദേശം. 
ഇതേതുടര്‍ന്ന് അടിയന്തര പ്രാധാന്യത്തോടെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ചചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ധനമന്ത്രി അനസ് സാലിഹിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് തുടക്കമിട്ടതായി മന്ത്രി അറിയിച്ചു.  അമീരി ദിവാനുപുറമെ സര്‍ക്കാറിന്‍െറ മറ്റു മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ബജറ്റ് പുനക്രമീകരിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള നടപടിക്കും തുടക്കമിട്ടിട്ടുണ്ട്. 
മിക്ക മന്ത്രാലയങ്ങളും വകുപ്പുകളും ആ വഴിക്കുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറക്കുന്നതിനുപുറമെ ജീവനക്കാരുടെ ആനകൂല്യങ്ങളിലടക്കം കൈവെച്ചുകൊണ്ടാണ് ചെലവുചുരക്കല്‍ മുന്നേറുകയെന്നാണ് പല വകുപ്പുകളില്‍നിന്നും ലഭിക്കുന്ന സൂചന. അതേസമയം, പൊതുസേവനങ്ങളുടെ നിരക്ക് കുറക്കല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും വളരെ ശ്രദ്ധാപൂര്‍വമാണ് സര്‍ക്കാര്‍ ആ വഴിക്കുള്ള നീക്കം നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ മിക്കതും ഇന്ധനവില വര്‍ധിപ്പിച്ചെങ്കിലും കുവൈത്ത് ഇതുവരെ അതിന് മുതിര്‍ന്നിട്ടില്ല. സ്വദേശികളുടെ ഭാഗത്തുനിന്നുള്ള കടുത്ത എതിര്‍പ്പാണ് കാരണം. സര്‍ക്കാര്‍ നിയോഗിച്ച സമിതികളെല്ലാം ഇന്ധന, വൈദ്യുതി, ജല സബ്സിഡി വെട്ടിക്കുറക്കാനാണ് ശിപാര്‍ശ ചെയ്തതെങ്കിലും പെട്ടെന്ന് തീരുമാനമെടുക്കാതെ സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുകയാണ്. 
എന്നാല്‍, അധികം താമസിയാതെ സര്‍ക്കാറിന് അത് നടപ്പാക്കേണ്ടിവരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സാമ്പത്തികവര്‍ഷം കഴിയുന്ന മാര്‍ച്ച് അവസാനത്തോടെ തന്നെ ഇന്ധനവില വര്‍ധനയുണ്ടാവുമെന്നാണ് നിലവിലെ സൂചന. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.