എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍  കുറവ് –ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് എയ്ഡ്സ് രോഗത്തിന് ഇരയാവുന്നവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കുറവ് വന്നതായി വെളിപ്പെടുത്തല്‍. ലോക എയ്ഡ്സ് ദിനാചരണത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണ കാമ്പയിനില്‍ പങ്കെടുത്ത് സംസാരിക്കവെ ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മാജിദ അല്‍ഖത്താനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകാരോഗ്യസംഘടന അവസാനമായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞവര്‍ഷം എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ കുറവുവന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ കുവൈത്തിനെ എണ്ണിയത്. ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം സന്തോഷത്തോടെ സ്വീകരിക്കുന്നതോടൊപ്പം വരുംകാലങ്ങളില്‍ കുവൈത്തില്‍ എയ്ഡ്സ് രോഗവുമായി ബന്ധപ്പെട്ട ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടരുതെന്നാണ് നമ്മുടെ തീരുമാനം. അതിനനുസൃതമായ രീതിയിലുള്ള ബോധവത്കരണ പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുമെന്ന് ഡോ. ഖത്താന്‍ പറഞ്ഞു. 
എയ്ഡ്സിന് അടിപ്പെട്ടവരില്‍നിന്ന് മറ്റുള്ളവരിലേക്ക് നേരിട്ട് പകരുന്നതല്ളെന്ന പ്രത്യേകതയുള്ളതിനാല്‍ ശക്തമായ നിരീക്ഷണവും ശ്രദ്ധയുമുണ്ടെങ്കില്‍ രോഗത്തിന്‍െറ വ്യാപ്തി കുറക്കാനാവും. ലാബുകളിലും ക്ളിനിക്കുകളിലും ഉപയോഗിക്കുന്നസിറിഞ്ചുകള്‍, സലൂണുകളില്‍ ഷേവിങ് ബ്ളെയ്ഡുകള്‍ എന്നിവ ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്ന സംഗതികളാണ്. കൃത്യമായ പരിശോധന കൂടാതെയുള്ള രക്തദാനവും രക്തം സ്വീകരിക്കലുമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനകാര്യം. മേല്‍പറഞ്ഞ കാര്യങ്ങള്‍ രോഗബാധിതരില്‍നിന്ന് മറ്റുളളവരിലേക്ക് എയ്ഡ്സ് പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട സംഗതികളാണെങ്കില്‍ സംശുദ്ധമായ ദാമ്പത്യ ജീവിതവും ലൈംഗിക ബന്ധവുമാണ് മറ്റൊരു പ്രധാന കാര്യം.
 മന്ത്രാലയത്തിന് കീഴിലെ എയ്ഡ്സ് രോഗപ്രതിരോധ സെല്ലിനോടൊപ്പം ചേര്‍ന്ന് വിവിധ സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍, സര്‍ക്കാറിതര സംഘടനകളുടെയും പ്രവര്‍ത്തനങ്ങളാണ് രോഗത്തിന്‍െറ തോത് കുറക്കാന്‍ ഇടയാക്കിയതെന്ന് ഡോ. മാജിദ ഖത്താന്‍ സൂചിപ്പിച്ചു. സഅദ് അബ്ദുല്ല സുരക്ഷാ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കുവൈത്ത് സാഹിത്യ സമിതി, വനിത സ്പോര്‍ട്സ് ക്ളബ്, അമേരിക്കന്‍ യൂനിവേഴ്സിറ്റി, കുവൈത്ത് ടെലിവിഷന്‍, കുവൈത്ത് യൂനിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിഭാഗം എന്നീ സ്ഥാപനങ്ങളും സംഘടനകളുമാണ് രാജ്യത്ത് എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് മാജിദ ഖത്താന്‍ കൂട്ടിച്ചേര്‍ത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.