സൈബര്‍ നിയമം പ്രാബല്യത്തില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമം പ്രാബല്യത്തില്‍വന്നു. രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകിയതോടെ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ളെന്നതിനാലാണ് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പുതിയ നിയമം കൊണ്ടുവന്നത്. ജൂണില്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയതിനുശേഷം അമീറിന്‍െറ അനുമതിയോടെ ഒൗദ്യേഗിക ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചശേഷമാണ് നിയമം പ്രാബല്യത്തില്‍വന്നത്. നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹ് പറഞ്ഞു. നിയമം പ്രാബല്യത്തില്‍വന്നതിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട പ്രായോഗിക നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്ക് കടുത്തശിക്ഷയാണ് സൈബര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. തീവ്രവാദ, ഭീകര സംഘങ്ങള്‍ക്ക് ഓണ്‍ലൈന്‍ സഹായം നല്‍കിയാല്‍ 10 വര്‍ഷം തടവു ശിക്ഷയും 20,000 ദീനാര്‍ മുതല്‍ 50,000 ദീനാര്‍ വരെ പിഴയുമാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. തീവ്രവാദ, ഭീകര സംഘങ്ങള്‍ക്കുവേണ്ടി വെബ്സൈറ്റ് നിര്‍മിക്കുക, അവര്‍ക്കായി വാര്‍ത്തകള്‍ ചമക്കുക, ഫണ്ട് ശേഖരണത്തിനായി ആഹ്വാനം ചെയ്യുക എന്നിവയെല്ലാം ഈ വകുപ്പിന് കീഴില്‍വരും. 
പൊതുനിയമങ്ങള്‍ അട്ടിമറിക്കും വിധം വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെബ്സൈറ്റുകള്‍ ഉണ്ടാക്കുക, പരസ്യപ്പെടുത്തുക, വിവരങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സൗകര്യം ചെയ്യുക, കള്ളപ്പണമിടപാട്, അനധികൃത പണക്കൈമാറ്റം എന്നിവക്കായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കും 10 വര്‍ഷം തടവ് നിയമം നിഷ്കര്‍ഷിക്കുന്നു. ബ്ളാക്ക്മെയിലിങ്ങിനായി ഇന്‍റര്‍നെറ്റ് ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും 10,000 ദീനാര്‍ പിഴയും നിയമത്തില്‍ നിര്‍ദേശിക്കുന്നു. ഒൗദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കും ഈ ശിക്ഷയാണ് നിഷ്കര്‍ഷിക്കുന്നത്. മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുംവിധമുള്ള വെബ്സൈറ്റ് നിര്‍മാണത്തിന് ഏഴു വര്‍ഷം തടവും 30,000 ദീനാര്‍ പിഴയുമാണ് ശിക്ഷ. മറ്റുള്ളവരുടെ കമ്പ്യൂട്ടര്‍ അനധികൃതമായി ഉപയോഗിച്ചാലുള്ള ആറു മാസം തടവും 2,000 ദീനാര്‍ വരെ പിഴയുമാണ് നിയമത്തിലെ ഏറ്റവും കുറവ് ശിക്ഷ. 
സൈബര്‍ നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കാമ്പയിന്‍ തുടങ്ങിയതായി ആഭ്യന്തരമന്ത്രാലയം അധികൃതര്‍ അറിയിച്ചു. പത്ര, ടെലിവിഷന്‍ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും നിയമം സംബന്ധിച്ച് വ്യാപക പ്രചാരണം നല്‍കിത്തുടങ്ങിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.