ആഗ്രഹച്ചിറകുമായി കുഞ്ഞു ഹമദ് പറന്നു;  ആഭ്യന്തരമന്ത്രാലയം ഹെലികോപ്ടറില്‍

കുവൈത്ത് സിറ്റി: താഴ്ന്നുപറക്കുന്ന ഹെലികോപ്ടറിന്‍െറ ഇരമ്പല്‍ രോഗിയായ ആറു വയസ്സുകാരന്‍ ഹമദ് താമിറിന്‍െറ മനസ്സില്‍ ചെറുപ്പത്തിലേ കൗതുകം ജനിപ്പിച്ചു. അതുപോലുള്ള ഒരു ഹെലികോപ്ടറില്‍ ഒരു ദിവസം കുവൈത്തിന്‍െറ മുകളിലൂടെ വട്ടമിട്ട് പറക്കണം. സുരക്ഷാ നിരീക്ഷണത്തിന്‍െറ ഭാഗമായി ആഭ്യന്തര മന്ത്രാലത്തിന്‍െറയും പ്രതിരോധ മന്ത്രാലയത്തിന്‍െറയും ഹെലികോപ്ടറുകള്‍ തലക്ക് മുകളില്‍ വട്ടമിട്ട് പറക്കുമ്പോള്‍ മാതാപിതാക്കളുടെ അടുക്കലേക്കോടി ഹമദ് തന്‍െറ ആഗ്രഹം ഓര്‍മിപ്പിച്ചുകൊണ്ടേിയിരുന്നു. കളിപ്പാട്ടമായ പറക്കുന്ന റിമോട്ട് കണ്‍ട്രോളര്‍ ഹെലികോപ്ടറും മറ്റു പലതും വാങ്ങിക്കൊടുത്തിട്ടും മകന്‍ ആകാശയാത്രയോടുള്ള ഭമ്രം കുറച്ചില്ല. മകന്‍െറ അടങ്ങാത്ത ഈ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ ഇനിയെന്തുണ്ട് മാര്‍ഗമെന്ന് അന്വേഷിച്ച് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് ആ പിതാവില്‍ ആശ്വാസത്തിന്‍െറ നെടുവീര്‍പ്പുണ്ടായത്. നിഷ്കളങ്കമായ ഒരു ബാലന്‍െറ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ ആഭ്യന്തരമന്ത്രാലയം തയാറായി.

ഉന്നത വകുപ്പ് മേധാവികളില്‍നിന്ന് അനുവാദം തരപ്പെടുത്തിയശേഷം ഹമദ് താമിറിനെയും വഹിച്ച് കഴിഞ്ഞദിവസം കുവൈത്തിന്‍െറ ആകാശത്ത് ആഭ്യന്തരമന്ത്രാലയത്തിന്‍െറ ഹെലികോപ്ടര്‍ വട്ടംചുറ്റി. പൊലീസ് വേഷം ധരിച്ച് കൊച്ചു സുരക്ഷാ ഭടനായാണ് ഹമദ് മതിയാവോളം ആകാശം ചുറ്റിയത്. ആഗ്രഹം പൂര്‍ത്തീകരിച്ച് കൊച്ചു മനസ്സില്‍ തെല്ല് അഹങ്കാരവുമായാണ് ലാന്‍ഡ് ചെയ്ത ഹെലികോപ്ടറില്‍നിന്ന് ഹമദ് മാതാപിതാക്കളുടെ കരങ്ങളിലേക്ക് ഓടിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.