കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം ഗണ്യമായ കുറവ് –ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞവര്‍ഷം കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അനധികൃത ആയുധങ്ങള്‍ കണ്ടുകെട്ടുന്നതിനുള്ള നിയമം നടപ്പാക്കിത്തുടങ്ങിയതും കുറ്റവാളികളെയും നിയമലംഘകരെയും ലക്ഷ്യംവെച്ച് വ്യാപകമായ തുടര്‍പരിശോധനകള്‍ സംഘടിപ്പിച്ചതുമാണ് 2015ല്‍ കുറ്റകൃത്യങ്ങളുടെ തോതില്‍ കുറവുണ്ടാകാന്‍ കാരണമായതെന്ന് മന്ത്രാലയം വ്യക്തമാക്കി. റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞവര്‍ഷം പ്രതികള്‍ അജ്ഞാതരായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 6,942 എണ്ണം മാത്രമാണ്. 
എന്നാല്‍, 2014ല്‍ ഇത്തരത്തില്‍ രേഖപ്പെടുത്തപ്പെട്ട കേസുകളുടെ എണ്ണം 16,000 വരെ എത്തിയിരുന്നു. 2014ല്‍ 26,894 സിവില്‍, ക്രിമിനല്‍ കേസുകളാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2015ല്‍ എണ്ണം 24,453 ആയി കുറഞ്ഞു. മുന്‍ വര്‍ഷത്തേതിനെക്കാള്‍ ഒമ്പതു ശതമാനം കുറവ്. പ്രതികള്‍ ആരെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത 9687 സിവില്‍, ക്രിമിനല്‍ കേസുകള്‍ 2014ല്‍ രേഖപ്പെടുത്തിയെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് കുറഞ്ഞ് 6942ലത്തെി. അതുപോലെ പ്രതികള്‍ അജ്ഞാതരായി 2015ല്‍ രേഖപ്പെടുത്തപ്പെട്ട സിവില്‍ കേസുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 18 ശതമാനത്തിന്‍െറ കുറവാണ് ഉണ്ടായത്. 
2014 ഇത്തരത്തിലുള്ള 6277  കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം വെറും 5095 എണ്ണം മാത്രമാണ് ഈ ഇനത്തില്‍ രേഖപ്പെടുത്തിയത്. 
അതേമസയം, പ്രതികള്‍ അജ്ഞാതരായി രേഖപ്പെടുത്തപ്പെട്ട ക്രിമിനല്‍ കേസുകളുടെ എണ്ണത്തിലാണ് കഴിഞ്ഞ വര്‍ഷം വന്‍ കുറവ് കാണിച്ചത്. 2014ല്‍ ഇത്തരത്തിലുള്ള 3410 കേസുകള്‍ രാജ്യത്തുണ്ടായെങ്കില്‍ 2015ല്‍ ഇവയുടെ എണ്ണം 1847 വരെ താഴുകയായിരുന്നു. 
ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹിന്‍െറ നിര്‍ദേശ പ്രകാരം കുറ്റവാളികള്‍ക്കും നിയമലംഘകര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതാണ് കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി കുറക്കാനായതെന്നാണ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.