പാര്‍ക്കിങ്ങിന് സ്ഥലമില്ല ; നമ്പര്‍പ്ളേറ്റ് ഊരല്‍ ഭീഷണിയില്‍ ജലീബിലെ വിദേശികള്‍

കുവൈത്ത് സിറ്റി: അനധികൃത പാര്‍ക്കിങ്ങിനെതിരെ പൊലീസ് കര്‍ശന നടപടിയുമായി രംഗത്തിറിങ്ങിയതോടെ പ്രതിസന്ധിയിലായി ജലീബിലെ വിദേശികള്‍. മലയാളികളടക്കം വിദേശികള്‍ തിങ്ങിത്താമസിക്കുന്ന ഇവിടെ വാഹനം നിര്‍ത്തിയിടാന്‍ മതിയായ സ്ഥലമില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 
ഭൂരിഭാഗം ആളുകളും രാത്രി റോഡരികിലാണ് വാഹനം നിര്‍ത്തിയിടുന്നത്. കഴിഞ്ഞ ദിവസം ഇങ്ങനെ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റ് ഊരിക്കൊണ്ടുപോയി. മറ്റൊരു വഴിയുമില്ലാത്തതിനാല്‍ എംബസിയുടെ സഹായം തേടാനൊരുങ്ങുകയാണ് ഇവിടുത്തെ വിദേശികള്‍. റെസിഡന്‍സി ഏരിയയായതിനാല്‍ രാത്രി ജോലി കഴിഞ്ഞ് വരുന്നവരുടെ വാഹനം നിര്‍ത്തിയിടാനാണ് സ്ഥലമില്ലാത്തത്. 
കഴിഞ്ഞ ദിവസം രാത്രിയാണ് നിരവധി വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റ് ഊരിക്കൊണ്ടുപോയത്. ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ടെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് സുഗമമായ യാത്രാനീക്കത്തിന് തടസ്സമാകുന്ന വാഹനങ്ങള്‍ക്കെതിരെ നിയമലംഘനത്തിന് കേസ് ചാര്‍ജ് ചെയ്യുകയും ലൈസന്‍സും നമ്പര്‍ പ്ളേറ്റും പിടികൂടി കൊണ്ടുപോവുകയും ചെയ്യുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഒക്ടോബര്‍ 30 മുതല്‍ പൊലീസ് നടപടിയെടുക്കുകയും ചെയ്യുന്നു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചുള്ള ഉത്തരവ് ജനുവരി മുതല്‍ പ്രാബല്യത്തിലാവും. ഇതനുസരിച്ച് ഭിന്നശേഷിയുള്ളവര്‍ക്കായി സംവരണം ചെയ്ത സ്ഥലത്ത് വാഹനങ്ങള്‍ ഒടുക്കേണ്ട പിഴ പത്തിരട്ടിയാവും. നിലവില്‍ ഈ കുറ്റത്തിന് 10 ദീനാറാണ് പിഴ. ഇത് 100 ദീനാറാവും. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത പൊലീസ് പരിശോധനയാണ് ഈ ഭാഗത്ത് നടക്കുന്നത്. 
ഒരു ദിവസം മാത്രം 285 ഇഖാമ നിയമലംഘകരെ പിടികൂടി. കുവൈത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ളതും ജലീബ് ഭാഗത്താണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിര്‍ത്തിവെച്ച പരിശോധന അധികൃതര്‍ ശക്തിയോടെ പുനരാരംഭിച്ചിരിക്കുകയാണ്. 
രണ്ടാമത് തുടങ്ങുമ്പോള്‍ ആദ്യ പരിഗണന നല്‍കിയത് ജലീബിനാണ്. ദിവസങ്ങളായി ഒരേ ഭാഗത്തുതന്നെ പരിശോധന തുടരുകയാണ്. സിറ്റിയുമായി താരതമ്യം ചെയ്യുമ്പോള്‍ വാടക കുറവായതിനാല്‍ ജലീബ്, ഹവല്ലി ഭാഗത്ത് താമസിക്കുന്നവരിലധികവും ചെറിയ വരുമാനക്കാരാണ്. ടാക്സി ഡ്രൈവര്‍മാര്‍ ഓട്ടം കഴിഞ്ഞ് വാഹനം നിര്‍ത്തിയിടാന്‍ ഇടമില്ലാതെ വിഷമിക്കുകയാണ്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.