അഭിപ്രായ സ്വാതന്ത്ര്യം: യു.എന്‍ കുവൈത്തിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കുവൈത്ത് സിറ്റി: രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐക്യരാഷ്ട്രസഭ കുവൈത്തിനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിദേശകാര്യവകുപ്പ് വ്യക്തമാക്കി. ഇതിന്‍െറ ഭാഗമായി വിദേശകാര്യ മന്ത്രാലയം നിയമവകുപ്പ് തലവന്‍ ഗാനിം അല്‍ഗാനിം രാജ്യത്തെ മനുഷ്യാവകാശ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ മനുഷ്യാവകാശ കൂട്ടായ്മകളും ഏജന്‍സികളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കുകയെന്ന് അല്‍ഗാനിം പറഞ്ഞു. ഈ സംഘങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിദേശകാര്യവകുപ്പില്‍ സമര്‍പ്പിക്കാം. ഇതുകൂടി ഉള്‍പ്പെടുത്തിയാവും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതികരണം ഏതു സംഘടനക്കും സമര്‍പ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് വ്യക്തമായ നിയമങ്ങളുള്ള രാഷ്ട്രമാണ്. അത് നടപ്പാക്കുന്ന കാര്യത്തില്‍ പിന്നോട്ടുപോകില്ല. 
നിയമങ്ങള്‍ സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം -അല്‍ഗാനിം പറഞ്ഞു. മനുഷ്യാവകാശത്തിന്‍െറ കാര്യത്തില്‍ നിരവധി പരാതികളുമായി ചില എംബസികള്‍ രംഗത്തുവരാറുണ്ടെന്നും പരാതികള്‍ സത്യമാണെന്ന് ബോധ്യമായാല്‍ അത്തരം കേസുകള്‍ പബ്ളിക് പ്രോസിക്യൂഷന് വിടാറുണ്ട്. 
ചില മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിക്കുന്ന പരാതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ പരാതി ഉന്നയിച്ച രാജ്യങ്ങളിലെ എംബസികള്‍ വഴി കുവൈത്ത് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയിട്ടുണ്ട്. കുവൈത്തിലുള്ള ബിദൂനികളുടെയും മറ്റു തൊഴിലാളികളുടെയും വിഷയത്തില്‍ നിരവധി പരാതികള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഈ വിഷയം കഴിഞ്ഞ യോഗത്തില്‍ ചര്‍ച്ചചെയ്തതായും പരാതികള്‍ക്ക് മറുപടി നല്‍കിയതായും ഇനിയും പരാതികളുണ്ടെങ്കില്‍ രാജ്യത്തെ പാര്‍ലമെന്‍റിനും മന്ത്രിസഭക്കും സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.