ഇരുണ്ട ദിനങ്ങളുടെ ഓര്‍മത്തീയില്‍ കുവൈത്ത്

കുവൈത്ത് സിറ്റി: കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ആ ഇരുണ്ട ദിനങ്ങളുടെ നടുക്കുന്ന ഓര്‍മകളില്‍നിന്ന് രാജ്യവും ജനങ്ങളും മുക്തരായിട്ടില്ല. 1990 ആഗസ്റ്റ് രണ്ടിന്‍െറ നീറുന്ന ഓര്‍മചിത്രങ്ങള്‍ കുവൈത്തികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. സ്വതന്ത്ര, പരമാധികാര രാജ്യമായ കുവൈത്തിന്‍െറ മണ്ണിലേക്ക് അയല്‍രാജ്യമായ ഇറാഖില്‍നിന്ന് സദ്ദാം ഹുസൈന്‍െറ സൈന്യം ഇരച്ചുകയറിയ ദിനം.
 രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള സ്വേച്ഛാധിപതിയുടെ ശ്രമം സഖ്യസൈന്യത്തിന്‍െറ പിന്തുണയോടെ കുവൈത്തി ജനത ചെറുത്തുതോല്‍പിക്കുകയായിരുന്നു. ഈ കൊടുംപാതകം സദ്ദാമിന്‍െറ അധികാര സിംഹാസനം നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, ഒടുവില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ കൈകൊണ്ട് മരണവും തേടിയത്തെി. ലോകഭൂപടത്തില്‍നിന്ന് കുവൈത്ത് എന്ന രാജ്യത്തെതന്നെ മായ്ച്ചുകളയുകയെന്ന വ്യാമോഹത്തോടെയാണ് സദ്ദാമിന്‍െറ ടാങ്കുകള്‍ 1990 ആഗസ്റ്റ് രണ്ടിന് കുവൈത്തിന്‍െറ നിയന്ത്രണഭൂമിയിലേക്ക് ഇരമ്പിക്കയറിയത്. 
കുവൈത്തിനെ ഇറാഖിന്‍െറ 19ാമത് ഗവര്‍ണറേറ്റ് ആക്കുകയായിരുന്നു സദ്ദാമിന്‍െറ ലക്ഷ്യം. അയല്‍രാജ്യത്തിന്‍െറ രക്തദാഹത്തിനുമുന്നില്‍ കനത്ത നഷ്ടമാണ് കുവൈത്തിനുണ്ടായത്. രാജ്യത്തിന്‍െറ ശക്തിസ്രോതസ്സായ എണ്ണക്കിണറുകള്‍ തേടിപ്പിടിച്ച് തീയിട്ട ഇറാഖ് സൈന്യം കുവൈത്തിന്‍െറ സാമ്പത്തികശക്തി ക്ഷയിപ്പിക്കാനാണ് ഉന്നമിട്ടത്. 700ഓളം എണ്ണക്കിണറുകള്‍ക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിന്‍െറ ദുരിതം അനുഭവിച്ചു.
 മരണം മുന്നില്‍കണ്ട ആ ദിനങ്ങള്‍ ഒട്ടുമിക്ക പ്രവാസികളുടെയും മനസ്സില്‍ ഇപ്പോഴും മായാതെയുണ്ട്. സമ്പാദ്യമെല്ലാം ഒരു ദിവസംകൊണ്ട് നഷ്ടമായപ്പോള്‍ ഉടുതുണി മാത്രം ബാക്കിയായി, ദിവസങ്ങള്‍ നീണ്ട പട്ടിണിയുടെയും ദുരിതങ്ങളുടെയും ബാക്കിപത്രവുമായി നാട്ടിലത്തെിയ മലയാളികള്‍ അനവധിയാണ്. 2,231 പേരെ ഇറാഖ് സൈന്യം കൊലപ്പെടുത്തിയതായാണ് കണക്ക്. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല. വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇറാഖ് സൈന്യം തകര്‍ത്തുതരിപ്പണമാക്കി. എണ്ണക്കിണറുകള്‍ തീയിട്ടുനശിപ്പിച്ചപ്പോള്‍ കറുത്ത പുക ആകാശംമുട്ടെ ഉയര്‍ന്നു. നൂറുകണക്കിന് കെട്ടിടങ്ങള്‍ ബുള്‍ഡോസറും മറ്റും ഉപയോഗിച്ച് ഇടിച്ചുനിരത്തി. പതിനായിരങ്ങളാണ് കുവൈത്തില്‍നിന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കി സംരക്ഷിച്ചു. അധിനിവേശം നടന്ന് മണിക്കൂറുകള്‍ക്കകം ഐക്യരാഷ്ട്രസഭ രക്ഷാസമിതി 660ാം പ്രമേയത്തിലൂടെ നിബന്ധനകളില്ലാതെ പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതിരുന്ന സദ്ദാം കൂടുതല്‍ ആക്രമണങ്ങളഴിച്ചുവിടുകയായിരുന്നു. യു.എന്‍ ചാര്‍ട്ടറിന്‍െറ ഏഴാം ചാപ്റ്റര്‍ പ്രകാരം അനുമതി ലഭിച്ചതിനത്തെുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സഖ്യസേനയാണ് ഒടുവില്‍ 1991 ജനുവരി 16ന് കുവൈത്തിന്‍െറ രക്ഷക്കത്തെിയത്. 
കുവൈത്തില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് 1990 നവംബര്‍ 29ന് ഐക്യരാഷ്ട്രസംഘടന നല്‍കിയ താക്കീത് അന്ത്യശാസനാ സമയപരിധിയായ 1991 ജനുവരി 15നും സദ്ദാം ഹുസൈന്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് യുദ്ധം തുടങ്ങിയത്. സൗദി അറേബ്യയിലും മറ്റും താവളമൊരുക്കി സഖ്യസേന ഇറാഖിനെ ആക്രമിച്ചു. അമേരിക്കയും ബ്രിട്ടനും നേതൃത്വം നല്‍കിയ സഖ്യസേനയില്‍ 34 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. കുവൈത്തില്‍ നടത്തിയ അധിനിവേശത്തിനെതിരെ ലോകരാജ്യങ്ങളില്‍ വികാരമുണര്‍ന്നപ്പോള്‍  ബന്ദികളാക്കപ്പെട്ട പാശ്ചാത്യരെ ഉപയോഗിച്ച് മനുഷ്യമതില്‍ തീര്‍ത്ത് പ്രതിരോധിക്കുമെന്നായിരുന്നു സദ്ദാം ഹുസൈന്‍െറ പ്രഖ്യാപനം. അതുകൊണ്ടുതന്നെ കരയുദ്ധം ദുഷ്കരമായിരിക്കുമെന്നതിനാല്‍ വ്യോമാക്രമണപാത തെരെഞ്ഞെടുക്കുകയായിരുന്നു സഖ്യസേന.
 ഒന്നാം ഗള്‍ഫ് യുദ്ധം എന്നറിയപ്പെടുന്ന സൈനികനീക്കത്തിലൂടെ ഫെബ്രുവരി 26നാണ് കുവൈത്ത് സദ്ദാമിന്‍െറ കരാളഹസ്തത്തില്‍നിന്ന് മോചനം നേടിയത്. ഇറാഖ് അധിനിവേശത്തിനുള്ള നഷ്ടപരിഹാരമായി ഇതിനകം കോടിക്കണക്കിന് ഡോളര്‍ കുവൈത്തിന് ലഭിച്ചിട്ടുണ്ട്. ആറുമാസം മുമ്പ് ലഭിച്ച ഗഡുവോടെ ഇതുവരെ 4,780 കോടി ഡോളര്‍ ഇറാഖ് കുവൈത്തിന് നഷ്ടപരിഹാര ഇനത്തില്‍ നല്‍കിക്കഴിഞ്ഞു. ബാക്കി 460 കോടി ഡോളര്‍ ആണ് കുടിശ്ശികയായുള്ളത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.