കുവൈത്തില്‍ ഐ.എസ് ശൃംഖല തകര്‍ത്തു 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരരുടെ ശൃംഖല സുരക്ഷാ സൈന്യം തകര്‍ത്തു. അഞ്ച് സിറിയക്കാര്‍, രണ്ട് ആസ്ട്രേലിയക്കാര്‍, ഒരു സ്വദേശി, ഒരു ലബനാന്‍കാരന്‍, ഒരു ഈജിപ്തുകാരന്‍ എന്നിവരടങ്ങിയ ശൃംഖലയാണ് തകര്‍ത്തതെന്ന് ആഭ്യന്തരമന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇതില്‍ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 
ഇവരില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ രാജ്യത്തിന് പുറത്താണ്. ഏറെക്കാലത്തെ നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് ഭീകരശൃംഖല തകര്‍ക്കാനായതെന്ന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹ് അറിയിച്ചു. അറസ്റ്റിലായവര്‍ സിറിയയിലെ ഐ.എസ് നിരയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നവരും ആയുധ, ധനസഹായം എത്തിക്കുന്നവരുമാണെന്ന് മന്ത്രി വ്യക്തമാക്കി. 
കുവൈത്തില്‍ ജനിച്ച ലബനാന്‍കാരന്‍ ഉസാമ ഖയാത്ത് (45), സിറിയക്കാരനായ അബ്ദുല്‍ കരീം സലീം (53), സിറിയക്കാരനായ ഹാസിം മുഹമ്മദ് ഖൈര്‍ താര്‍ത്താരി (31), ഈജിപ്തുകാരനായ വാഇല്‍ മുഹമ്മദ് അഹ്മദ് ബഗ്ദാദി (28), കുവൈത്തുകാരനായ റകാന്‍ നാസര്‍ മുനീര്‍ അല്‍അജ്മി (27), സിറിയക്കാരനായ അബ്ദുന്നാസിര്‍ മഹ്മൂദ് അല്‍ശാവ (28) എന്നിവരാണ് അറസ്റ്റിലായത്. ഉസാമ ഖയാത്ത് ആണ് സംഘത്തലവന്‍. രാജ്യത്തെ ഭീകരരെ കണ്ടത്തെുന്നതിന്‍െറ ഭാഗമായുള്ള അന്വേഷണത്തിനിടെ ഇയാളെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. വെബ്സൈറ്റ് വഴി ഐ.എസിന് പ്രചാരം നല്‍കുന്നതില്‍ ശ്രദ്ധിച്ചിരുന്ന ഖയാത്ത് സിറിയയിലെ ഐ.എസ് നേതൃനിരയുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്നു. 
യുക്രെയ്നില്‍നിന്ന് എഫ്.എന്‍ ആറ് മിസൈലുകളും മറ്റ് ആയുധങ്ങളും വാങ്ങി തുര്‍ക്കിവഴി സിറിയയില്‍ എത്തിച്ചുനല്‍കുകയും ചെയ്തു ഇയാള്‍. തുര്‍ക്കിയിലെ അക്കൗണ്ടുകള്‍ വഴി ഐ.എസിന് പണം കൈമാറിയിരുന്നതായും ഐ.എസിന്‍െറ പേര് മുദ്രണം ചെയ്ത സ്റ്റാമ്പുകളും സീലുകളും നിര്‍മിച്ചുനല്‍കിയിരുന്നതായും ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സിറിയക്കാരായ വലീദ് നസീഫ്, മുഹമ്മദ് ഹിക്മത് താര്‍ത്താരി, ആസ്ട്രേലിയക്കാരായ ഹാഷിം മുഹമ്മദ് താഹിബ്, റാബിയ താഹിബ് എന്നിവരാണ് പിടിയിലാവാനുള്ള സംഘത്തിലെ മറ്റംഗങ്ങള്‍ എന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 26ന് സവാബിറിലെ ഇമാം സാദിഖ് ശിയാ പള്ളിയിലുണ്ടായ 26 പേര്‍ മരിക്കാനും 226 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ചാവേര്‍ സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതിനെ തുടര്‍ന്ന് രാജ്യത്ത് സംഘത്തിനെതിരായ അന്വേഷണം വ്യാപകമാക്കിയിരുന്നു. 
അബ്ദലിയിലെ കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്ത സുരക്ഷാ സൈന്യം ജൂലൈ അവസാനത്തോടെ ഐ.എസ് ശൃംഖല തകര്‍ത്ത് നാലുപേരെ പിടികൂടിയിരുന്നു. 
മുബാറക് മല്‍ഫി (29), ഹഫദ് ഹമദ് (25), മുഹമ്മദ് ഹമദ് (29), ഫലാഹ് നാസര്‍ (33), മുഹമ്മദ് ഫലാഹ് (25) എന്നിവരായിരുന്നു പിടിയിലായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.