പാരമ്പര്യമഹിമയില്‍ ജി.സി.സി പൈതൃകോത്സവത്തിന് തുടക്കം

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലെ പാരമ്പര്യത്തിന്‍െറ പെരുമയും പഴമയുടെ പുതുമയും വിളിച്ചറിയിച്ച് ആറാമത് ജി.സി.സി പൈതൃകോത്സവത്തിന് തുടക്കമായി. ഇതോടൊപ്പം, ഉത്സവത്തിനായി അണിഞ്ഞൊരുങ്ങിയ ശൈഖ് സബാഹ് അല്‍അഹ്മദ് പൈതൃക ഗ്രാമം മിഴിതുറക്കുകയും ചെയ്തു. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനുവേണ്ടി അമീരി ദിവാന്‍ സഹമന്ത്രി ശൈഖ് അലി അല്‍ജര്‍റാഹ് അസ്സബാഹ് ജി.സി.സി പൈതൃകോത്സവവും പൈതൃക ഗ്രാമവും ഉദ്ഘാടനം ചെയ്തു.
 അമീരി ദിവാന്‍ ഉപദേഷ്ടാവും പൈതൃക ഗ്രാമം ജനറല്‍ സൂപ്പര്‍വൈസറുമായ ദൈഫുല്ല ശഹ്റാര്‍, പൈതൃകോത്സവം സംഘാടക സമിതി മേധാവി ശൈഖ് സബാഹ് ഫഹദ് അല്‍നാസര്‍ അസ്സബാഹ് എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. രാജ്യത്തിന്‍െറ പൈതൃകവും പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ അമീര്‍ പ്രതിജ്ഞാബദ്ധനാണെന്നും അതിന്‍െറ ഭാഗമായാണ് ഇത്തരം ഉത്സവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അമീറിന്‍െറ പ്രത്യേക നിര്‍ദേശപ്രകാരം വിവിധ ജി.സി.സി രാജ്യങ്ങളുടെ പൈതൃകവും സംസ്കാരവും സമന്വയിപ്പിച്ചാണ് പൈതൃക ഗ്രാമം ഒരുക്കിയതെന്ന് ദൈഫുല്ല ശഹ്റാര്‍ പറഞ്ഞു. അതിനായി സഹകരിച്ച എല്ലാ ജി.സി.സി പ്രതിനിധികള്‍ക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. വൈവിധ്യമാര്‍ന്നതും ആകര്‍ഷണീയവുമായ പവലിയനുകള്‍ ഒരുക്കാന്‍ അധ്വാനിച്ച കലാകാരന്മാര്‍ക്കും തൊഴിലാളികള്‍ക്കും വളന്‍റിയര്‍മാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. കുവൈത്തിന്‍െറ മാത്രമല്ല, മറ്റു ഗള്‍ഫ് രാജ്യങ്ങളുടെയും ജീവിതരീതികളുമായി അടുത്ത ബന്ധമുള്ള മത്സരങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമാണ് പൈതൃകോത്സവം പരിഗണന നല്‍കുന്നതെന്ന് ശഹ്റാര്‍ വ്യക്തമാക്കി. 
സല്‍മിയിലെ മരുഭൂമിയില്‍ 25 കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന ശൈഖ് സബാഹ് അല്‍അഹ്മദ് പൈതൃകഗ്രാമത്തില്‍ ആറു ജി.സി.സി രാജ്യങ്ങള്‍ക്കും പ്രത്യേകം പവലിയനുകള്‍, പരിപാടികള്‍ക്കായുള്ള വിശാലമായ ഹാള്‍, കൊട്ടാര മാതൃകകള്‍, ബസാറുകള്‍, റസ്റ്റാറന്‍റുകള്‍, കഫേകള്‍, കളിക്കളങ്ങള്‍, കുടുംബ ടെന്‍റുകള്‍, പൂന്തോട്ടം, പള്ളി എന്നിവയെല്ലാമുണ്ട്. ഇതിനെല്ലാമുപരി 11,000 മീറ്റര്‍ ചുറ്റളവിലുള്ള കൃത്രിമ തടാകമാണ് പൈതൃക ഗ്രാമത്തിലെ മുഖ്യ ആകര്‍ഷണം. അരയന്നങ്ങള്‍ ഒഴുകി നടക്കുന്ന ഈ നീലത്തടാകം ഗ്രാമത്തിന് ഏറെ ഭംഗിയേറ്റുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.