കുവൈത്ത് സിറ്റി: മസ്ജിദ് ഇമാം സാദിഖിലെ ചാവേര്‍ ആക്രമണ കേസിലെ വിചാരണ ചൊവ്വാഴ്ച സുപ്രീംകോടതി സമുച്ചയത്തിലെ ക്രിമിനല്‍ കോടതിയില്‍ തുടങ്ങും. ഏഴ് സ്ത്രീകളുള്‍പ്പെടെ ആകെ 29 പ്രതികളാണ് കേസിലുള്ളത്. ഏഴു സ്വദേശികളും അഞ്ചു സൗദി പൗരന്മാരും മൂന്നു പാകിസ്താനികളും 13 ബിദൂനികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. സിറിയയിലെ ഐ.എസ് നിരയിലുള്ള ഒരു പ്രതിയെ പിടികൂടാനായിട്ടില്ല. ജസ്റ്റിസ് മുഹമ്മദ് റാശിദ് അദ്ദഈജിന്‍െറ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കേസായതിനാല്‍ കേസ് നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ നല്‍കാനും ആഭ്യന്തരമന്ത്രാലയം എല്ലാവിധ ശ്രമങ്ങളും നടത്തിവരുകയാണ്. കുറ്റക്കാര്‍ ആരായാലും നിയമത്തിന്‍െറ മുന്നില്‍നിന്ന് രക്ഷപ്പെടില്ളെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും ചാവേര്‍ ആക്രമണം നടന്ന ഉടന്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹും വ്യക്തമാക്കിയിരുന്നു. ചാവേര്‍ ആക്രമണം നടന്ന പള്ളിയില്‍ അമീര്‍ സന്ദര്‍ശനം നടത്തിയതും ശേഷം അമീറിന്‍െറ നേതൃത്വത്തില്‍ മസ്ജിദുല്‍ കബീറില്‍ ശിയ-സുന്നി സംയുക്ത ജുമുഅ നമസ്കാരം സംഘടിപ്പിച്ചതും പ്രതികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുമെന്ന സന്ദേശം നല്‍കുന്നതിനുമായിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സമുച്ചയം രണ്ടാഴ്ചത്തേക്ക് ശക്തമായ സുരക്ഷാവലയത്തിലായിരിക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. കോടതിക്കകത്തും പുറത്തുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞദിവസം സുരക്ഷാ വിഭാഗത്തിന്‍െറ പ്രത്യേകയോഗം ചേര്‍ന്നിരുന്നു. ശക്തമായ പരിശോധനക്ക് ശേഷമായിരിക്കും കോടതിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. ജൂണ്‍ 26 വെള്ളിയാഴ്ചയാണ് മസ്ജിദ് ഇമാം സാദിഖില്‍ ചാവേര്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ ചാവേര്‍ ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.