കുവൈത്ത് സിറ്റി: രാജ്യത്ത് ഒരു മാസത്തിനുള്ളിൽ നടന്നത് 17 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ. കുവൈത്തിന്റെ ചരിത്രത്തിലാദ്യമാണ് ഇത്.അവയവദാന പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിച്ചത് ഇത്തരത്തിലുള്ള ഓപറേഷൻ നടത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചതായി ഹമദ് അൽ എസ്സ സെന്ററിലെ അവയവമാറ്റ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. സജ സോറൂർ പറഞ്ഞു.
രോഗികളെ വിദേശത്തേക്ക് അയക്കുന്നതിനു പകരം രാജ്യത്ത് ഓപറേഷൻ നടത്താൻ ലക്ഷ്യമിട്ട് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ശേഷി വർധിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങൾ കഴിഞ്ഞ കാലയളവിൽ സെന്ററിൽ നടത്തി. കുവൈത്ത് ഓർഗൻ ട്രാൻസ് പ്ലാന്റേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. മുസ്തഫ അൽ മൗസാവിയുടെ പിന്തുണകൂടി ഉണ്ടെന്നും ഡോ. സജ സോറൂർ പറഞ്ഞു.
17 ഓപറേഷനുകളിൽ 10 കേസുകളിലും രോഗിയുടെ ബന്ധുക്കൾ ഉൾപ്പെടെ ജീവിച്ചിരിക്കുന്നവർ വൃക്കകൾ ദാനം ചെയ്തു. മസ്തിഷ്കമരണം സംഭവിച്ച ദാതാക്കളുടെ വൃക്കകൾ ഉപയോഗിച്ചാണ് മറ്റ് ഏഴ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയത്. ഇവർ മരണത്തിനു മുമ്പ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചിരുന്നു.
സമൂഹത്തിലെ വലിയ വിഭാഗങ്ങൾക്കിടയിൽ ആരോഗ്യ അവബോധം വർധിച്ചത് ഇത് സൂചിപ്പിക്കുന്നു.അവയവദാനത്തിന്റെ ഗുണങ്ങളും നിയമസാധുതയും പ്രാധാന്യവും വ്യക്തമായി പ്രകടമാക്കുന്നതിന് ബോധവത്കരണം ഗണ്യമായ സംഭാവന നൽകി. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മരണശേഷം അവയവങ്ങൾ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകത വലുതാണെന്നും ഡോ. സൊറൂർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.